കോഴിക്കോട്ടെ പന്തീരങ്കാവ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ട് ഒരുമാസമാകുന്നു. കുപ്രസിദ്ധി നേടിക്കൊടുത്ത വാര്‍ത്തയെ മലയാളികള്‍ മറന്നുകാണില്ല. നവവധുവിനെ ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിയായ നവവരന് നാടുവിടുന്നു. രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്തിനെ അറസ്റ്റ് ചെയ്യുന്നു. കൃത്യസമയത്ത് നടപടിയെടുത്തില്ലെന്ന ആരോപണം നേരിട്ട പൊലീസുകാര്‍ക്കെതിരെ രാഷ്ട്രീയ പാര്ട്ടിക്കാര് സമരത്തിനിറങ്ങുന്നു. അവര്‍ നടപടി നേരിടുന്നു. വനിതാ കമ്മീഷന് ഉള്‍പ്പടെ കേസെടുത്തതോടെ പന്തീരങ്കാവ് വാര്‍ത്തയിലാകെ നിറഞ്ഞുനില്ക്കുന്നു. അങ്ങനെ നീതിദേവതക്കായി കാത്തിരിക്കുന്നവരുടെ സോഷ്യല്‍ മീഡിയ വാളിലേക്ക് ഒരു വീഡിയോ എത്തുന്നു. പരാതിക്കാരിയായ യുവതി മൊഴി മാറ്റി പറയുന്നു. അതായത് പ്രതിയായ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും മാതാപിതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് കേസ് കൊടുത്തതെന്നും വെളിപ്പെടുത്തുന്നു. എന്നാല്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്കിയ മാതാപിതാക്കള്‍ പഴയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. മകള്‍ ഭര്‍ത്താവിന്റെ കെണിയില്‍ വീണതാണെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരമൊരു വീഡിയോ പുറത്തുവിട്ടതെന്നുമാണ് അച്ഛന്റെ ഭാഗം. യഥാര്‍ത്ഥത്തില്‍ പന്തീരങ്കാവ് കേസിലെ സത്യമെന്താണ്?