നീല ട്രോളി ബാഗില്‍ കയറി യാത്ര ചെയ്യുകയാണ് സംസ്ഥാന രാഷ്ട്രീയം ! അതിലെത്ര പണം കൊണ്ടുപോകാം ? ഉത്തരം കൃത്യമായി പറയാന്‍ മാത്രം അനുഭവം ഭൂരിപക്ഷം മലയാളികള്‍ക്കും ഇല്ല എന്നതാണ് സത്യം. ഇതുപോലുള്ള ട്രോളി ബാഗും പണവുമൊക്കെ തിരഞ്ഞെടുപ്പുകാലത്ത് പറഞ്ഞുകേട്ട ശീലവും പാവം മലയാളിക്കില്ല. ഉത്തരേന്ത്യയിലും ഇടയ്ക്ക് അയല്‍സംസ്ഥാനങ്ങളിലുമൊക്കെ നടക്കുന്ന പണക്കളി പലവട്ടം കണ്ടിട്ടുള്ള ഇന്നാട്ടിലെ രാഷ്ട്രീയ കുട്ടികള്‍ക്ക് അമ്പരപ്പോടെയേ ഇതൊക്കെ കേട്ടുനില്‍ക്കാന്‍ പറ്റൂ. നവകേരളം എന്ന് അക്ഷരംതെറ്റാതെ വിളിക്കാന്‍ സമയമായെന്ന് ചുരുക്കം. രാഹുല്‍ മാങ്കൂട്ടത്തിലും ടീമും പണം കടത്തിയതിന് തെളിവുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടും എന്ത് തെളിവാണെന്ന ചോദ്യം അന്തരീക്ഷത്തില്‍ നില്‍ക്കുന്നു.
തെളിവുണ്ടായിട്ടും കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതാണോ ? തൃക്കാക്കരയിലും വടകരയിലുമൊക്കെ ഇറക്കിയ തുറപ്പുചീട്ട് കീറിപ്പോയി എന്ന ആരോപണം നേരിട്ട ചരിത്രം സിപിഎമ്മിനുമുന്നിലുണ്ട്. പാതിരാ റെയ്ഡില്‍ പൊലീസ് പറഞ്ഞതുപോലെ ഒന്നും കണ്ടെത്താനായില്ല എന്ന് സിപിഎം നേതൃത്വത്തിന് അണികളോട് പറേയണ്ടിവരുമോ ? ഇറച്ചികടയ്ക്ക് മുന്നില്‍ പട്ടികളെ പോലെ കാത്തിരിക്കുന്നവരെന്ന് മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച എന്‍.എന്‍.കൃഷ്ണദാസിന് പണി കൂടാതിരിക്കട്ടെ.