ഇപി ജയരാജന് പറഞ്ഞത് പാര്‍ട്ടി വിശ്വസിച്ചാലും ഇല്ലെങ്കിലും തല്ക്കാലം ചേര്‍ത്ത് നിര്‍ത്തുകയല്ലാതെ പാര്‍ട്ടിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. ജയരാജന് പറയുന്നത് കേള്‍ക്കുക. അത്ര തന്നെ. കാരണം തിരഞ്ഞെടുപ്പുകാലമാണ്. മൂന്നാംസ്ഥാനമല്ല, വിജയമാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇത്തവണ പിന്നിലായാല്‍ പ്രധാനവിഷയം സ്ഥാനാര്‍ഥി നിര്‍ണയമാകുമെന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും നന്നായി അറിയാം. സരിന് ഫലം പ്രതികൂലമായാല്‍ കാര്യങ്ങള്‍ തകിടം മറിയും. കോണ്‍ഗ്രസിലായിരിക്കുമ്പോള്‍ സൈബറിടത്തില്‍ സരിന്റെ ആക്രമണവും ആക്ഷേപവും പ്രതിരോധിച്ച സൈബര്‍ സഖാക്കള്‍തന്നെ പാര്‍ട്ടി നേതൃത്വത്തിനുനേരെ തിരിയും. തലേന്ന് എതിര്പക്ഷത്തുനിന്നയാളെ പിടിച്ച് പിറ്റേന്ന് സ്ഥാനാര്‍ഥിയാക്കുന്ന പരിപാടി പരിചയമില്ലാത്ത സഖാക്കളുടെ ചോദ്യത്തിനും മുഖ്യമന്ത്രിയും പാര്‍ട്ടിയും മറുപടി പറയേണ്ടിവരും. ഇപിയെക്കൊണ്ടുതന്നെ നല്ലതുപറയിച്ച് സരിന് പാലക്കാടന്‍ മണ്ണ് അനുകൂലമാക്കിയെടുക്കുക തന്നെ തന്ത്രം. തിരഞ്ഞെടുപ്പ് ദിവസം ഇ.പി. മറ്റൊരു ബോംബ് കയ്യിലെടുക്കുമോ എന്ന് ഇ.പി.ക്ക് മാത്രമേ അറിയൂ. ഊരിപ്പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടന്നിട്ടില്ലെങ്കിലും ഇ.പി. യെ നിസാരനായി കണ്ടാല്‍ പാര്‍ട്ടിക്കത് വീണ്ടും പണിയാകും.