TOPICS COVERED

നടി ഹണി റോസിന്റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങല്‍ വൈകിപ്പിച്ച ബോബി ചെമ്മണ്ണൂരിലെ വിരട്ടി ഹൈക്കോടതി. നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും താക്കീത് നല്‍കി. തുടര്‍ന്ന് നിരുപാധികം മാപ്പപേക്ഷിച്ച് ബോബി ചെമ്മണ്ണൂര്‍. മാപ്പപേക്ഷ അംഗീകരിച്ച ഹൈക്കോടതി ബോബിക്കെതിരായ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. ബോബി ഷോ കോടതിയുടെയടുത്ത് ചിലവാകില്ലെന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയത്. കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ട്രാഫിക് ബ്ലോക് കാരണമാണ് സമയത്ത് ജയിലില്‍ എത്താനാകാതിരുന്നതെന്നും, സംഭവിച്ചതില്‍ ദുഖമുണ്ടെന്നും ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ബോബി. കോടതിയെ അപമാനിക്കുന്നതാണ് ബോബി ചെമ്മണ്ണൂരിന്റെ നടപടിയെന്ന് ഹൈക്കോടതി വിമർശിച്ചു. ബോബി എപ്പോൾ ജയിലിൽ നിന്ന് ഇറങ്ങുന്നു എന്നതല്ല പ്രശ്നം. മറിച്ച് സഹദരവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അത്തരം നടപടി എന്നത് നീതിന്യായവ്യവസ്ഥയോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കോടതി വിലയിരുത്തി. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയത് പോലെയാണ് ബോബി ജയിലിന് പുറത്തേക്ക് വന്നതെന്നും ഹൈക്കോടതി പരിഹസിച്ചു. വിഷയത്തിൽ നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു. തുടർന്ന് മാപ്പപേക്ഷ അംഗീകരിച്ച ഹൈക്കോടതി തുടർനടപടികൾ അവസാനിപ്പിച്ചു.

ENGLISH SUMMARY:

Special programme on boby chemmanur arrest and release