പ്രബുദ്ധകേരളം പുതിയ തട്ടിപ്പിനെകുറിച്ചുള്ള സജീവ ചര്‍ച്ചയിലാണ്. മലയാളികള്‍ പൊളിയാണ് എന്നൊക്കെ തട്ടിവിട്ടിട്ട് കാര്യമില്ല, നമ്പര്‍ വണ്‍ കേരളമെന്ന് അഭിമാനിച്ചിട്ടും കാര്യമില്ല. കാരണം എത്രി കിട്ടിയിട്ടും പഠിക്കാത്തവരാണ് നമ്മള്‍. ഏത് പ്രലോഭനങ്ങളിലും വീഴുന്നവര്‍. അതിഭയങ്കര ബുദ്ധിയോടെ സകലപറ്റിപ്പിനും ഇരയാകുന്നവര്‍. അതുകൊണ്ടുതന്നെ പറ്റിച്ച് ജീവിക്കുന്നവര്‍ക്ക് കേരളം സ്വര്‍ഗമാണ്. ബുദ്ധിയുണ്ടെന്ന് നടിക്കുന്നവരെ പറ്റിക്കുന്നത് ഒരു സുഖമായി തോന്നിയിട്ടുണ്ടാകും ചിലപ്പോള്‍ കള്ളന്മാര്‍ക്കും. ഇതാ കടന്നുവരൂ, കാള പ്രസവിച്ചിരിക്കുന്നു, കാളക്കുട്ടിയെ വെറും പത്തുരൂപയ്ക്ക് കൊടുക്കുന്നു എന്നുപറഞ്ഞാല്‍ കയറും ചാക്കും ഒരു പെട്ടി ഓട്ടോയുമായി ഓടും മലയാളി. കാള പ്രസവിക്കില്ലെന്ന് ചിന്തിച്ചാല്‍ തീരുന്ന ആവേശമേയുള്ളൂ. പക്ഷേ, ഫ്രീയായി കിട്ടുമെന്ന് കേട്ടാല്‍ കെട്ടുപോകുന്ന ബുദ്ധിയേയുള്ളൂ, പാവം നമ്മള്‍ക്ക്. ഇതാ പകുതി വിലയ്ക്ക് പിടിച്ചോ എന്ന് പറഞ്ഞ് രംഗത്തുവന്ന പുതിയ തട്ടിപ്പുകാര്‍ തട്ടിയത് ഒന്നും രണ്ടുമല്ല നിരവധി കോടി രൂപയാണ്. എന്നിട്ടും വലിയ രാഷ്ട്രീയ ചര്‍ച്ചകളൊന്നുമില്ല, കാരണം ഒന്നേയുള്ളൂ– മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിക്കൊക്കെ ഈ തട്ടിപ്പുവീരന്മാരെ നല്ല പരിചയമാണ്. തട്ടിപ്പുകാരുടെ വാക്കില്‍ ജനസേവനം ഉഷാറാക്കിക്കളയാം എന്ന് വിചാരിച്ച നേതാക്കളുമുണ്ട്. അതുകൊണ്ട് ഞാന്‍ മാത്രമല്ല സാറേ, അവരുമുണ്ട് എന്ന മട്ടില്‍ മറഞ്ഞിരിക്കുകയാണ് പലരും. അനന്തു കൃഷ്ണന്‍ ബുദ്ധിമാനാണ്. തട്ടുമ്പോള്‍ ഒന്നിച്ചങ്ങ് തട്ടി. അനന്തുവിനെ പൊലീസ് പിടിച്ചു. നമുക്കിന് കാത്തിരിപ്പിന്റെ സമയമാണ്– പകുതി വിലയ്ക്കല്ല, ഫുള്‍ ഫ്രീയയായിട്ട് ആരെങ്കിലും വല്ലതും തരുമോ എന്ന് നോക്കിയുള്ള കാത്തിരിപ്പ്. അഥവാ ബിരിയാണി കിട്ടിയാലോ ? മലയാളിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ– പറ്റിക്കാനും പറ്റിക്കപ്പെടാനും മിടുക്കുള്ളവരുടെ സ്വന്തം നാട്.