വീട്ടില്‍നിന്നിറങ്ങിയ ബിജു ജോസഫ് എന്ന അന്‍പതുകാരനെ അപ്രതീക്ഷിതമായി കാണാതായി. വീട്ടുകാരും പൊലീസും തിരച്ചില്‍ ആരംഭിച്ചു. അതിനിടയില്‍ പൊലീസിനൊരു തുമ്പുകിട്ടി. അതിലൂടെ സഞ്ചരിച്ച പൊലീസ് ചെന്നെത്തിയത് ഒരു കേറ്ററിങ് യൂണിറ്റിലെ ഗോഡൗണിലുള്ള മാലിന്യക്കുഴിയിലാണ്. ഒപ്പം ബിജു ജോസഫ് കൊല്ലപ്പെട്ടുവെന്ന യാഥാര്‍ഥ്യത്തിലേക്കും. ബിജുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് ബിസിനസ് പങ്കാളിയായിരുന്ന ജോമോന്‍. ക്രൂരതയുടെ കഥ പുറത്തുവരുന്നത് കാപ്പാ കേസ് പ്രതിയുടെ വായില്‍നിന്ന്. ഒന്നിച്ചു നടന്നു, ഒടുവില്‍ കൊന്നു. എന്തിനുവേണ്ടിയായിരുന്നു ബിജു ജോസഫിനെ ഇല്ലാതാക്കിയത് ? കേരള പൊലീസിന്റെ മിടുക്ക് ഒരിക്കല്‍കൂടി വെളിവായ സംഭവത്തിനുപിന്നിലെ യഥാര്‍ഥ കഥയെന്ത് ?
തൊടുപുഴ കലയന്താനിക്ക് സമീപം ചെത്തിമറ്റത്താണ് ക്വട്ടേഷന്‍ സംഘം ആസൂത്രിതമായി കൊലപാതകം എളുപ്പത്തില്‍ സാധ്യമാക്കിയത്. ജീവന്‍ നഷ്ടപ്പെട്ടത് കോലാനി മുളയിങ്കല്‍ ബിജു ജോസഫിന്. ബിജുവിന്റെ ബിസനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കു കാട്ടില്‍ ജോമോന്‍ ജോസഫ് ആണ് മുഖ്യപ്രതി. ക്വട്ടേഷന്‍ സംഘാംഗങ്ങളെ ജോമോന്‍ കണ്ടെത്തിയത് കൊച്ചിയില്‍നിന്നാണ്. സ്വന്തം ഡ്രൈവര്‍ ജോമിന്‍ കുര്യനാണ് ജോമോനെ ഇക്കാര്യത്തില്‍ സഹായിച്ചത്. കൊച്ചി എടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം, പറവൂര്‍ സ്വദേശി ആഷിക് ജോണ്‍സണ്‍ എന്നിവരാണ് ബിജുവിനെ കൊല്ലാന്‍ ജോമോനൊപ്പം പണം വാങ്ങി പണി ചെയ്തത്.
കാപ്പ കേസില്‍ ആഷിഖ് ജോണ്‍സണ്‍ അറസ്റ്റിലായതോടെയാണ് ബിജു ജോസഫിന്‍റെ കൊലപാതക ചിത്രം തെളിഞ്ഞത്. പിടിയിലായ പ്രതിയില്‍നിന്ന് കണ്ടെടുത്ത പണത്തിന്റെ ഉറവിടം തിരക്കിയുള്ള അന്വേഷണം ചെന്നുനിന്നത് ജോമോനിലാണ്. ജോമോന്‍റെ മൊഴിയും ബിജു ജോസഫിന്റെ ഭാര്യയുടെ പരാതിയും ചേര്‍ത്തുവായിച്ച പൊലീസ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചു.
കൊല്ലപ്പെട്ട ബിജുവും ജോമോനും കച്ചവടം പരസ്പരസമ്മതത്തോടെ പിരിഞ്ഞതിന്‍റെ കരാര്‍രേഖ മനോരമ ന്യൂസിന് ലഭിച്ചു. ഭാവിയില്‍ മറ്റ് പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഇരുവരും എഴുതി ഒപ്പിട്ടിരുന്നു. എന്നിട്ടും ജോമോന്‍ തന്റെ ബിസിനസ് പങ്കാളിയെ ക്രൂരമായി കൊന്നുതള്ളി. ഒറ്റക്കാരണം മാത്രം– പണം. ആഗ്രഹിച്ച പണം തന്നിലേക്ക് വന്നില്ല. അതീവരഹസ്യമായി ബിജുവിനെ ഇല്ലാതാക്കാന്‍ ആസൂത്രണം നടത്തി, നടപ്പാക്കി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ, സത്യത്തെ കുഴിച്ചുമൂടാന്‍ ആര്‍ക്ക് കഴിയും. കാപ്പാ കേസ് പ്രതിയിലൂടെ, അയാള്‍ക്ക് ജോമോന്‍ നല്‍കിയ ക്വട്ടേഷന്‍ പ്രതിഫലത്തുകയിലൂടെ സത്യം മറനീക്കി പുറത്തുവന്നു. തൊടുപുഴയിലെ കൊലപാതകത്തിന്റെ രഹസ്യങ്ങള്‍ മണിക്കൂറുകള്‍കൊണ്ട് പുറത്തുകൊണ്ടുവന്ന പൊലീസിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.