TOPICS COVERED

റോഡിലിറങ്ങിയാല്‍ അസ്വസ്ഥമാകുന്ന മലയാളി മനസ്. ഞാന്‍ കരമടച്ച റോഡിലൂടെ തന്നിഷ്ടത്തിന് പോകുമെന്ന ധാര്‍ഷ്ഠ്യം. ഒടുവില്‍ കയ്യാങ്കളിയും. റോഡിലെ കയ്യാങ്കളി പ്രതിദിനം കൂടുകയാണ്. അശ്രദ്ധയും അമിതവേഗതയും ചോദ്യംചെയ്താല്‍ മര്‍ദനം, സമയക്രമത്തെച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ വാക്കേറ്റം ....തെറി വിളി. സംഘര്‍ഷമുണ്ടാകുന്നിടത്ത് നിയമപാലനത്തിന് ചെല്ലുന്ന പൊലീസുകാര്‍ക്കുപോലും രക്ഷയില്ല.

കോഴിക്കോട് കുറ്റ്യാടിയില്‍ ഗതാഗതം തടസപ്പെടുത്തി പാര്‍ക്ക് ചെയ്ത കാര്‍ നീക്കാന്‍ ആവശ്യപ്പെട്ടതിനാണ് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്.

 കോഴിക്കോട് സ്വദേശി മുഹമ്മദാണ് വടകര – തൊട്ടില്‍പാലം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ഷെല്ലിക്കിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് മര്‍ദിച്ചത്. മുഹമ്മദിനെതിരെ കുറ്റ്യാടി പൊലീസ് കേസ് എടുത്തു. കണ്ണൂര്‍ ന്യൂ മാഹിയില്‍  അമിത വേഗം ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ സ്കൂട്ടര്‍ യാത്രികന്‍ മര്‍ദിച്ചു. പെരിങ്ങാടി സ്വദേശി രാഗേഷിനാണ് മര്‍ദനമേറ്റത്. മര്‍ദിച്ച സ്കൂട്ടര്‍ യാത്രികന്‍ മുഹമ്മദ് ഷബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കേറ്റവും കയ്യാങ്കളിയും അതിരൂക്ഷമാകുന്ന കാലത്ത് ഡ്രൈവര്‍മാര്‍ക്കും ചിലത് പറയാനുണ്ട്.