TOPICS COVERED

ഈ ദൃശ്യം മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്നാണ്. പി. ജയരാജന്റെ സാന്നിധ്യത്തില്‍ മറുനാട്ടുകാരന്‍ പുഷ്പനെ അറിയാമോ എന്ന പാട്ടുപാടുന്നു. കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെകുറിച്ചുള്ള പാട്ട് പാര്‍ട്ടിപരിപാടികളില്‍ പതിവാണ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോഴും അടുത്തിടെ മരണത്തിനുകീഴടങ്ങിയശേഷവും ഉയര്‍ന്നുകേട്ട പാട്ട്.

ഈ പാട്ട് അടുത്തിടെ മറ്റൊരുവേദിയിലുയര്‍ന്നു, കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്രത്തില്‍. പുഷ്പനെ അറിയാമോ എന്ന പാട്ടില്‍മാത്രം ഒതുങ്ങിയില്ല വിപ്ലവം.

ഗായകന്‍ അലോഷിയുടെ പാട്ട് ക്ഷേത്രാങ്കണം വിട്ട്, രാഷ്ട്രീയത്തിലേക്ക് പടര്‍ന്നത് പെട്ടെന്നായിരുന്നു. ക്ഷേത്രത്തില്‍ വിപ്ലവഗാനമോ ? ചോദ്യവും ഉത്തരങ്ങളും കോലാഹലം സൃഷ്ടിച്ചു. കടുത്ത അപരാധമെന്ന് ഒരു കൂട്ടര്‍. കയ്യടിച്ചും ന്യായീകരിച്ചും മറ്റു ചിലര്‍.

പിന്നാലെ രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി. വിവാദങ്ങളുടെ പുതിയ താളം മുറുക്കുകയാണ് പാട്ടും പൊളിറ്റിക്സും. വിപ്ലവഗാനങ്ങളുടെ ആലാപനത്തിലൂടെയാണ് കണ്ണൂര്‍ സ്വദേശിയായ അലോഷി ശ്രദ്ധേയനാകുന്നത്. ഗസല്‍ ഗായകനെന്ന നിലയിലും തിളങ്ങി. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതും പാര്‍ട്ടിവേദികളില്‍. ക്ഷേത്രത്തിലെ വിപ്ലവ് ഗാനത്തിന്റെ ആലാപനം അലോഷിയെ വിവാദത്തിലേക്ക് നയിച്ചു.

ക്ഷേത്രവേദിയില്‍ വിപ്ലവഗാനം ഉയര്‍ന്നത് ഒരുവിഭാഗം ആളുകളില്‍ പ്രതിഷേധത്തിന് കാരണമായി. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അത് പലവിധ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. ഇപ്പോഴിതാ അലോഷിയെ ഒന്നാംപ്രതിയാക്കി കേസും. അതേസമയം അലോഷി ആദത്തെ ഒന്നാംപ്രതിയാക്കി കേസെടുത്തതിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇത് കേസ് ദുർബലപ്പെടുത്താനാണെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. കടയ്ക്കല്‍ പൊലീസാണ് കേസെടുത്തത്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുളള നിയമപ്രകാരമാണ് കേസ്. 

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിനെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ക്ഷേത്രങ്ങളില‍െ ഉത്സവങ്ങളും ചടങ്ങുകളും ഘോഷയാത്രയുമൊക്കെ രാഷ്ട്രീയ പ്രവർത്തനത്തിനായി ഉപയോഗിക്കരുതെന്ന് കോടതി പലതവണ ഓര്‍‍മിപ്പിക്കുന്നുണ്ട്. വ്യവസ്ഥകൾ ലംഘിച്ചാൽ അഞ്ചുവർഷംവരെ തടവും പിഴയുമാണ് ശിക്ഷ. ക്ഷേത്രകമ്മിറ്റികളുടെ ഭാരവാഹിത്വം ഏറ്റെടുക്കുന്നവര്‍ ഇത് ഓര്‍ക്കാതെ പോകരുത്.