ട്രെയിന്‍തട്ടി ഒരു യുവതി മരിക്കുന്നു. അവര്‍ ഐബി ഉദ്യോഗസ്ഥയാണെന്ന് തിരിച്ചറിയുന്നു. ഇരുപത്തിനാലുകാരിയായ ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ത് ? കാരണമന്വേഷിച്ചിറങ്ങിയ പൊലീസിനുമുന്നില്‍ തെളിഞ്ഞത് സഹപ്രവര്‍ത്തകന്റെ ക്രൂരമായ ചൂഷണത്തിന്റെ കഥ. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യക്ക് കാരണം സുഹൃത്ത് സുകാന്തിന്‍റെ ലൈംഗികവും സാമ്പത്തികവുമായ ചൂഷണങ്ങളെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നു.
നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. അന്വേഷിക്കുന്തോറും പുറത്തുവരുന്നത് സുകാന്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന ചെയ്തികളാണ്. മകളുടെ മരണത്തില്‍നിന്ന് കുടുംബം ഇപ്പോഴും മോചിതരായിട്ടില്ല. അവളെ മരണത്തിലേക്ക് തള്ളയിട്ടയാളെ കണ്ടെത്താനായിട്ടുമില്ല. തെളിവുകളെല്ലാം തനിക്കെതിരാവുകയാണെന്ന് കണ്ടതോടെ സുകാന്ത് സുരേഷ് ഒളിവില്‍പോയി. യുവതിയുടെ അക്കൗണ്ടില്‍ നിന്ന് സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ട്രയിനിങ് സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്. ഒരേ ബാച്ചില്‍പ്പെട്ട മലപ്പുറം ഇടപ്പാള്‍ സ്വദേശിയും ഇപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്‍റുമായ സുകാന്ത് സുരേഷുമായി പെണ്‍കുട്ടി വൈകാതെ പ്രണയത്തിലായി. ഒടുവില്‍ അത് മരണത്തിലേക്കും അവളെ നയിച്ചു. പെണ്‍കുട്ടിയെ സുകാന്ത് പ്രണയിച്ച് വഞ്ചിച്ചെന്നും അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയെന്നും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നു. സുകാന്തിനെതിരെ നടപടി കടുപ്പിച്ച് പൊലീസ് മുന്നോട്ടുപോവുകയാണ്. സഹപ്രവര്‍ത്തകയെ വഞ്ചിച്ച്, ക്രൂരമായി ചൂഷണംചെയ്ത് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച അയാളെവിടെ ? ഉത്തരംതേടുകയാണ് പൊലീസും ഉറ്റവരും.