TOPICS COVERED

എളിമയുടെ ഇതുവരെ കാണാത്ത മനുഷ്യമുഖമായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. ഒരു മാര്‍പാപ്പയും സാധാരണക്കാരെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ, സ്വന്തം ഭരണാകര്‍ത്താക്കള്‍ പോലും എഴുതിത്തള്ളിയവരെ, ഇത്രമേല്‍ ചേര്‍ത്തുനിര്‍ത്താന്‍, അവരുടെ കണ്ണീരൊപ്പാന്‍ തുനിഞ്ഞിട്ടുണ്ടാവില്ല. ഒരുപക്ഷെ, ഫ്രാന്‍സിസ് മാര്‍പാപ്പയെ കാലം അടയാളപ്പെടുത്താന്‍പോവുക, വിപ്ലവകാരിയായ വിശ്വാസി എന്ന നിലയിലാകും.

ആഗോള കത്തോലിക്കാ സഭയില്‍ യുഗപരിവര്‍ത്തനകാലത്തിന് നേതൃത്വം നല്‍കിയ കാര്‍ക്കശ്യക്കാരനായ മാര്‍പാപ്പ, തന്നെ സ്വയം വിഷേഷിപ്പിച്ചത്, ദൈവം കാരുണ്യപൂര്‍വം തൃക്കണ്‍പാര്‍ത്ത പാപിയെന്നാണ്. ദുരിതം അനുഭവിക്കുന്നവരോട് അനുകമ്പയോടെ ചേര്‍ന്നുനിന്നിരുന്ന ഫ്രാന്‍സിസ് പാപ്പ വത്തിക്കാന്‍ ബ്യൂറോക്രസിയുടെ ദുര്‍മേദസ് വെട്ടിക്കുറച്ചതിനൊപ്പം ആഗോളവിഷയങ്ങളില്‍ പുരോഗമനപരമായ നിലപാട് സഭ സ്വീകരിക്കുന്നതില്‍ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഹൃദയം നിറയെ അനുകമ്പയുള്ള കാര്‍ക്കശ്യക്കാരനായ ഭരണാധികാരിയായിരുന്നു ഫ്രാന്‍സിസ് പാപ്പ.

കാലം കുരുങ്ങിക്കിടക്കുന്ന റോമന്‍ ചത്വരങ്ങളില്‍ നിന്ന് സഭയെ കാലം കുതിച്ചൊഴുകുന്ന ജനജീവിത കേന്ദ്രങ്ങളിലേക്ക് ആനയിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. താന്‍ ഒരു തെരുവു വൈദികനാണെന്നും, റോമിലെ വഴികളിലൂടെ നടക്കാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും പാപ്പ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മാര്‍പ്പാപ്പയെന്ന നിലയില്‍ നടത്തിയ ആദ്യ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ അദ്ദേഹം എളിമയോടെ പാരമ്പര്യങ്ങള്‍ െതറ്റിച്ചു. പെസഹാ തിരുനാളില്‍, മാര്‍പാപ്പ കര്‍ദിനാള്‍മാരുടെ മാത്രം കാല്‍കഴുകുന്നു എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള രീതി ഫ്രാന്‍സിസ് പാപ്പ പിന്തുടര്‍ന്നില്ല.

പകരം തിരഞ്ഞെടുത്തത്, റോമിലെ തടവറയില്‍ ശിക്ഷയനുഭവിക്കുന്ന 12 കുട്ടിക്കുറ്റവാളികളെയായിരുന്നു. അന്ന്, 10 ആണ്‍കുട്ടികള്‍ക്കൊപ്പം ശിക്ഷയനുഭവിക്കുന്ന 2 പെണ്‍കുട്ടികളുടെ കാലുകളും ഫ്രാസിസ് പാപ്പ കഴുകിതുടച്ച് ചുംബിക്കുകയുണ്ടായി. ദരിദ്രരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഭിമുഖ്യം എക്കാലവും പരക്കെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്.

അതേസമയം, സഭാ ഭരണത്തില്‍ അദ്ദേഹം കാര്‍ക്കശ്യം പുലര്‍ത്തി. പുതിയ നയങ്ങളുമായി ചേര്‍ന്നു പോകാത്ത കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികളുണ്ടായി. നയപരമായ കാര്യങ്ങളില്‍ കടുത്ത യാഥാസ്ഥിതികത്വം പറഞ്ഞ സഭയുടെ പരമോന്നത സമിതികളിലുള്ളവരെ അപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റി. സഭയില്‍ പൊതുകാര്യങ്ങളുടെ നടത്തിപ്പില്‍ മൂല്യങ്ങളുടെ മുന്‍ഗണനാക്രമം ഉണ്ടാക്കി. റോമന്‍കൂരിയ എന്ന് വിളിക്കപ്പെടുന്ന സഭയുടെ ആസ്ഥാന ഭരണകാര്യാലയത്തില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്തി.