javelin-thorw

TOPICS COVERED

പാരിസ് ഒളിംപിക്സ് മുന്‍പില്‍ കണ്ട് മികച്ച പ്രകടനവുമായി വനിതാ ജാവലിന്‍ ത്രോ ലോക ചാംപ്യന്‍ ഹരുക കിറ്റഗുച്ചി. ടോക്യോയില്‍ നടന്ന ഗോള്‍ഡന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ ഹരുക സ്വര്‍ണം നേടി. പാരിസ് ഒളിംപിക്സിലെ സ്വര്‍ണമാണ് തന്റെ ലക്ഷ്യം എന്ന് ജാപ്പനീസ് താരം പ്രഖ്യാപിച്ചുകഴിഞ്ഞു. 

63.45 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഗോള്‍ഡന്‍ ഗ്രാന്‍ജ് പ്രിക്സില്‍ ഹരുക സ്വര്‍ണം നേടിയത്. കൊളംബിയയുടെ ഫ്ലോര്‍ ഡെനിസ് 62.06 മീറ്ററും ന്യൂസിലന്‍ഡിന്റെ ടോഫി പീറ്റേഴ്സ് 61.26 മീറ്റര്‍ ദൂരവും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം റൂയിസ് ഹര്‍ടാഡോയെ ബുദ്ധാപെസ്റ്റില്‍ തോല്‍പ്പിച്ചാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഹരുകി ജയം പിടിച്ചത്. അതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ ഫീല്‍ഡ് ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരവുമായി ഹരുകി. 

2023ലെ ഡയമണ്ട് ലീഗ് ഫൈനലിലും ഹരുകി മികവ് തുടര്‍ന്നു. രണ്ട് മാസം മാത്രം അകലെ നില്‍ക്കുന്ന പാരിസ് ഒളിംപിക്സിലേക്ക് ഫോമില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് ഹരുകി എത്തുന്നത്. ഗോള്‍ഡന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ അവസാന ശ്രമത്തിലാണ് 63 മീറ്റര്‍ ദൂരം കണ്ടെത്താനായത്. എന്നാല്‍ ആദ്യ ശ്രമങ്ങളില്‍ തന്നെ ഈ ദൂരം കണ്ടെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ജാപ്പനീസ് താരം പറയുന്നു. 

ഇത് രണ്ടാം വട്ടമാണ് ഒളിംപിക്സ് പോരിന് ഹരുകി എത്തുന്നത്. ടോക്യോ ഒളിംപിക്സില്‍ 12ാം സ്ഥാനത്താണ് താരത്തിന് ഫിനിഷ് ചെയ്യാനായത്. ടോക്യോയില്‍ 66.34 മീറ്റര്‍ ദൂരം കണ്ടെത്തി ചൈനയുടെ ലിയു ഷിയിങ് ആണ് സ്വര്‍ണം നേടിയത്. പോളണ്ടിന്റെ മരിയ 64.61 മീറ്ററും ഓസ്ട്രേലിയയുടെ കെല്‍സെ 64.56 മീറ്ററും കണ്ടെത്തിയിരുന്നു. ഗോള്‍ഡന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ കണ്ടെത്തിയ ദൂരം വെച്ച് പാരിസില്‍ തനിക്ക് മെഡല്‍ നേടാനാവില്ലെന്നും അടുത്ത രണ്ട് മാസം ഇത് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലേക്കാണ് താന്‍ നിറയാന്‍ പോകുന്നത് എന്നും ഹരുകി പറയുന്നു. 

ENGLISH SUMMARY:

World javelin champion kitaguchi preparing for paris