neeraj-chopra-paris

ഫോട്ടോ: പിടിഐ

ടോക്കിയോ ഒളിംപിക്സിലെ ജാവലിന്‍ ത്രോ ഫൈനലില്‍ ആദ്യ ത്രോയില്‍ നീരജ് കണ്ടെത്തിയ ദൂരം 87.03 മീറ്റര്‍. രണ്ടാമത്തെ ത്രോയില്‍ നീരജ് കണ്ടെത്തിയ 87.98 മീറ്റര്‍ ദൂരം താണ്ടാന്‍ എതിരാളികള്‍ക്കാര്‍ക്കും സാധിക്കാതെ വന്നതോടെ അവിടെ പുതു ചരിത്രം പിറന്നു. ഒളിംപിക്സ് സ്വര്‍ണത്തില്‍ മുത്തമിട്ട് നീരജ് രാജ്യത്തിന്റെ അഭിമാനമായി മാറി. ടോക്കിയോയില്‍ നിന്ന് പാരിസില്‍ എത്തി നില്‍ക്കുമ്പോള്‍ നേട്ടങ്ങള്‍ ഒരുപിടി നീരജ് പിന്നിട്ടു. എന്നാല്‍ സ്വപ്നമായ 90 മീറ്റര്‍ കടക്കാന്‍ നീരജിന് പാരിസിലെത്തി നില്‍ക്കുമ്പോഴും സാധിച്ചിട്ടില്ല. 87നും 89നും ഇടയില്‍ കുടുങ്ങുന്നതിന്റെ നിരാശ നീരജ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. പാരിസില്‍ 90 മീറ്ററും താണ്ടി നീരജ് സ്വര്‍ണത്തില്‍ മുത്തമിട്ടാല്‍ രാജ്യത്തിന് അത് ഇരട്ടി മധുരമാകും. 

neeraj-chopra-1

ഫോട്ടോ: പിടിഐ

ടോക്യോ ഒളിംപിക്സിന് ശേഷം 2022 ജൂണില്‍ പാവോ നുര്‍മി ഗെയിംസിലാണ് രാജ്യാന്തര തലത്തില്‍ പിന്നെ നീരജ് മത്സരിക്കാനെത്തിയത്. ഇവിടെ തന്റെ ഏറ്റവും മികച്ച ദൂരമായ 89.30 മീറ്റര്‍ നീരജ് കണ്ടെത്തി. ദേശിയ റെക്കോര്‍ഡായും അത് മാറി. സ്റ്റോക്കോം ഡയമണ്ട് ലീഗില്‍ തന്റെ തന്നെ ദേശിയ റെക്കോര്‍ഡ് തിരുത്തി നീരജ് 90 മീറ്ററിന് അടുത്തെത്തി. 89.94 മീറ്ററാണ് നീരജിന്റെ ത്രോ താണ്ടിയത്. 

2022 ജൂലൈയില്‍ ഒറെഗോണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ തന്റെ നാലാമത്തെ ത്രോയില്‍ 88.13 എന്ന ദൂരം കണ്ടെത്തി നീരജ് വെള്ളി മെഡല്‍ നേടി. അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമായി നീരജ് അവിടെ മാറി. 2003ലാണ് അഞ്ജു ബോബി ജോര്‍ജ് ലോങ് ജംബില്‍ വെങ്കലം നേടിയത്. 2022 ഓഗസ്റ്റ് 26ന് ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ 89.09 മീറ്റര്‍ ദൂരം കണ്ടെത്തി സൂറിച്ച് ഫൈനലിലേക്ക് നീരജ് യോഗ്യത നേടി. 2022 സെപ്റ്റംബര്‍ എട്ടിന് 88.44 എന്ന ദൂരം കണ്ടെത്തി 2023 ലോക ചാംപ്യന്‍ഷിപ്പിലേക്കും യോഗ്യത. 

neeraj-asian

2023 മെയില്‍ ദോഹ ഡയമണ്ട് ലീഗില്‍ 88.67 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ്  മുന്നേറിയത്. അതേ മാസം ലോക അത്ലറ്റിക്സിന്റെ ജാവലിന്‍ ത്രോ റാങ്കിങ്ങില്‍ നീരജ് ആദ്യമായി ഒന്നാമതെത്തുകയും ചെയ്തു. 2023 ലോക അത്​ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 88.17 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് സ്വര്‍ണം നേടിയത്. 2023 ഒക്ടോബറില്‍ 88.88 മീറ്റര്‍ ദൂരം താണ്ടി ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം. 2023ല്‍ നീരജ് കണ്ടെത്തിയ മികച്ച ദൂരവും 88.88 മീറ്ററാണ്.

മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ പോരിനും ഈ വര്‍ഷം മെയില്‍ നീരജ് ഇറങ്ങിയിരുന്നു. ഫെഡറേഷന്‍ കപ്പില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. 2021ല്‍ നീരജ് ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നത് 87.80 ദൂരം താണ്ടിയും. 

neeraj-federation-cup
ENGLISH SUMMARY: