സംസ്ഥാന സ്കൂൾ കായികമേള അത്‌ലറ്റിക്സിൽ ട്രിപ്പിള്‍ സ്വർണ്ണം നേടി പാലക്കാടിന്റെ എം അമൃത്. 1500 മീറ്ററിലാണ് ഇന്ന് അമൃതിന്റെ മെഡൽ നേട്ടം. പാലക്കാട് GHSS കൊടുവായൂർ സ്കൂളിലെ കെ.എ നിവേദ്യയും മീറ്റിലെ മെഡൽ നേട്ടം മൂന്നാക്കി. നാലാം ദിനവും കുതിപ്പ് തുടരുന്ന മലപ്പുറം 147 പോയിന്റുമായി ഒന്നാമതാണ്. 105 പോയിന്റുമായി പാലക്കാടാണ് രണ്ടാമത്.
ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് കല്ലടി സ്കൂളിലെ എം അമൃത് ഒന്നാമതെത്തിയതോടെ മീറ്റിലെ ആദ്യ ട്രിപ്പിൾ സ്വർണ്ണമെഡൽ ജേതാവായി. 400 മീറ്ററിലും 800 മീറ്ററിലും അമൃത് സ്വർണ്ണം നേടിയിരുന്നു. നാലാം ദിനം ആദ്യ മീറ്റ് റെക്കോർഡ് സ്വന്തമാക്കിയത് മലപ്പുറം ചീക്കോട് സ്കൂളിലെ മുഹമ്മദ് അമീനാണ്. സീനിയർ വിഭാഗം 1500 മീറ്ററിലാണ് അമീനിന്റെ സ്വർണനേട്ടം
സീനിയർ ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ കാസർകോടിന്റെ കെ.സി സർവാൻ മീറ്റ് റെക്കോർഡോടെ സ്വർണ്ണം നേടി. 17.74 മീറ്റർ മറികടന്ന സർവാൻ സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തി. 1500 മീറ്റർ പെൺകുട്ടികളുടെ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ എറണാകുളത്തിന്റെ സി.ആർ നിത്യയും ജൂനിയർ വിഭാഗത്തിൽ പാലക്കാടിന്റെ കെ.എ നിവേദ്യയും ഒന്നാമതെത്തി. 600 മീറ്റർ സബ് ജൂനിയർ വിഭാഗത്തിൽ ആലപ്പുഴയുടെ കെ യു അർജുനും കോഴിക്കോടിന്റെ അൽക്ക ഷിനോജും സ്വർണം നേടി. സബ് ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ പാലക്കാടിന്റെ വി കെ സാകേത് സ്വർണ്ണം എറിഞ്ഞിട്ടു. ജൂനിയർ പെൺകുട്ടികളുടെ ലോങ് ജമ്പിൽ പാലക്കാടിന്റെ എസ് അനന്യക്കാണ് സ്വർണം. ഉച്ചയ്ക്കുശേഷം 20 ഇനങ്ങളിലാണ് ഫൈനൽ നടക്കുക