അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു. 76 വയസായിരുന്നു. കുടുംബമാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. മാർച്ച് 21 വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 1968 ലെ മെക്സിക്കോ ഒളിംപിക്സില്‍ അമേരിക്കയ്ക്കായി സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. രണ്ടു വട്ടം ഹെവിവെയ്റ്റ് ലോകചാംപ്യനുമായിരുന്നു അദ്ദേഹം. 19 വയസ്സുള്ളപ്പോൾ തന്റെ 25-ാമത്തെ അമേച്വർ പോരാട്ടത്തിൽ ഹെവിവെയ്റ്റ് സ്വർണ്ണ മെഡൽ നേടിയിരുന്നു ഫോര്‍മാന്‍.
'ബിഗ് ജോര്‍ജ്' എന്നറിയപ്പെട്ട ഫോര്‍മാന്‍ ഹെവിവെയ്റ്റ് കരിയറിലെ 81 മല്‍സരങ്ങളില്‍ 76 ജയം നേടിയിട്ടുണ്ട്. ജോര്‍ജിന്‍റെ പ്രഫഷനല്‍ കരിയറിലെ ആദ്യതോല്‍വി 1974ല്‍ മുഹമ്മദ് അലിക്കെതിരെയായിരുന്നു. ബോക്സിങ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. മുഹമ്മദ് അലിയെ നേരിടുന്നതിന് മുമ്പ് ഫോർമാൻ രണ്ടുതവണ കിരീടം വിജയകരമായി നിലനിർത്തിയിരുന്നു. 1949 ജനുവരി 10 ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 1997-ലായിരുന്നു ഫോർമാന്റെ അവസാന മത്സരം.
ജോര്‍ജ് ഫോര്‍മാന്‍റെ വിയോഗത്തില്‍ തങ്ങളുടെ ഹൃദയം തകർന്നിരിക്കുകയാണെന്നും ഒളിമ്പ്യന്‍ എന്നതിലുപരി ഒരു മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹമെന്നും കുടുംബം കുറിച്ചു. അദ്ദേഹത്തിന്‍റെ അചഞ്ചലമായ വിശ്വാസം, വിനയം, ലക്ഷ്യബോധം എന്നിവ എന്നും അദ്ദേഹത്തിന്‍റെ ജീവിതത്തെ അടയാളപ്പെടുത്തുമെന്നും കുടുംബം കുറിച്ചു.