400 മീറ്ററിൽ ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിന് യോഗ്യതനേടി മലയാളി അത്ലീറ്റുകളായ കെ. സ്നേഹയും ജിസ്ന മാത്യുവും. കൊച്ചിയില്‍ നടക്കുന്ന ദേശീയ സീനീയര്‍ ഫെഡറേഷന്‍ കപ്പിന്‍റെ രണ്ടാംദിനവും ഒരിനത്തിലും ഒന്നാമതെത്താന്‍ കേരളത്തെ പ്രതിനിധീകരിച്ചവര്‍ക്കായില്ല. ലോങ്ജംപിൽ ദേശീയ റെക്കോർഡുകാരനും ഒളിംപ്യനുമായ തമിഴ്നാടിന്റെ ജെസ്‌വിൻ ആൽഡ്രിനെ പിന്നിലാക്കി നാട്ടുകാരന്‍ പി. ഡേവിഡ് ഒന്നാമതെത്തിയതാണ് രണ്ടാം ദിനത്തിലെ സവിശേഷത.
ജിസ്ന മാത്യു ആറാമതായി ഫിനിഷ് ചെയ്ത 400 മീറ്ററില്‍ 6 അത്ലീറ്റുകളാണ് ഏഷ്യൻ ചാംപ്യൻഷിപ്പിന് യോഗ്യത നേടിയത്. ഉത്തർപ്രദേശിന്‍റെ റുപാൽ ഈ ഇനത്തില്‍ ഒന്നാമതെത്തി. അതേ സമയം പുരുഷൻമാരുടെ 400 മീറ്ററിൽ ആരും യോഗ്യത നേടിയില്ല. വനിതകളുടെ ഡിസ്കസ് ത്രോയിൽ ജേതാവായ സീമ, 100 മീ ഹർഡിൽസിൽ ഒന്നാമതായ ജ്യോതി യരാജി, ഹൈജംപിൽ ചാമ്പ്യനായ ഒളിംപ്യൻ സർവേഷ് അനിൽ കുഷാറെ എന്നിവരും ഏഷ്യൻ ചാംപ്യൻഷിപ്പിന് യോഗ്യത നേടി. അഞ്ചുവെങ്കലമാണ് കേരളത്തെ പ്രതിനിധീകരിച്ചവുടെ സമ്പാദ്യം.
110 മീറ്റർ ഹർഡിൽസിൽ വി.കെ. മുഹമ്മദ് ലസാൻ ,ലോങ്ജംപിൽ മുഹമ്മദ് അനീസ്, 400 മീറ്ററില്‍ ടി.എസ്. മനു, ഹൈജംപിൽ ബി. ഭരത് രാജ്, 400 മീറ്ററിൽ കെ. സ്നേഹ എന്നിവരാണ് വെങ്കല നേട്ടക്കാര്‍.