ചെന്നൈയില്‍ നടന്ന ഐപിഎല്‍ ഫൈനലിന് ശേഷം ഗംഭീർ ബിസിസിഐ സെക്രട്ടറി ജെയ്ഷായുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിരീടനേട്ടത്തോടെ ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ എത്താൻ സാധ്യതയേറി. ഐപിഎൽ ഫൈനലിന് ശേഷം അന്തിമതീരുമാനമെന്നാണ് ഗംഭീർ ബിസിസിഐയെ അറിയിച്ചിരുന്നത്. ഗംഭീറിന്റെ വരവോടെ പോയവർഷത്തെ എട്ടാം സ്ഥാനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇക്കുറി കിരീടമാക്കി മാറ്റിയത്.
നായകനായി രണ്ടുവട്ടം ഈഡൻ ഗാർഡൻസിലേക്ക് കിരീടമെത്തിച്ച ഗംഭീർ ടീം മെൻഡറായി മടങ്ങിയെത്തിയപ്പോൾ ഒരു പതിറ്റാണ്ടായുളള കിരീടക്കാത്തിരിപ്പിന് അവസാനമായി. മിച്ചൽ സ്റ്റാർക് എന്ന സൂപ്പർതാരമല്ലാത്ത കഴിഞ്ഞവർഷത്തെ കൊൽക്കത്ത ടീമിൽ നിന്ന് ഇക്കുറി വലിയ മാറ്റങ്ങളില്ല. പകരക്കാരൻ ഫിൽ സോൾട്ടിനെ ഓപ്പണറാക്കിയതും രമൺ ദീപ് സിങ്ങിനെ അപകടകാരിയായ ഫിനിഷറാക്കി മാറ്റിയും ഗംഭീറിന്റെ തീരുമാനങ്ങൾ.
24.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക് ആദ്യ മൽസരങ്ങളിൽ സമ്പൂർണ പരാജയമായിരുന്നിട്ടും ടീമിൽ നിലനിർത്തി. അവസാന ഓവറുകളിൽ സ്റ്റാർക്ക് പന്തെറിയണ്ടെന്ന തീരുമാനവും ഗംഭീറിന്റേത്. രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് പ്രഥമ പരിഗണന ഗൗതം ഗംഭീറിനാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഐപിഎൽ ഫൈനലിന് ശേഷം അന്തിമതീരുമാനമെന്നാണ് ഗംഭീർ പറഞ്ഞിരുന്നത്.
ഫൈനലിന് ശേഷം ഗംഭീർ ജെയ് ഷായുമായി കൂടിക്കാഴ്ച നടത്തിയത് പരിശീലക സ്ഥാനത്തേക്ക് ഗംഭീറെത്തുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിനൽകുന്നു. അതേസമയം ബ്ലാങ്ക് ചെക്ക് കൈമാറിക്കൊണ്ട് കൊൽക്കത്തയിൽ തന്നെ തുടരാൻ ഗംഭീറിനോട് ടീം ഉടമ ഷാറൂഖ് ഖാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.