ട്വന്റി20 ക്രിക്കറ്റില്‍ നമ്പര്‍ വണ്‍ താരമാണ് സൂര്യകുമാര്‍ യാദവ് എങ്കില്‍ പാക്കിസ്ഥാന് എതിരെ സ്കോര്‍ ചെയ്യാന്‍ വെല്ലുവിളിച്ച് പാക് മുന്‍ താരം കമ്രാന്‍ അക്മല്‍. പാക്കിസ്ഥാന് എതിരെ മികച്ച സ്കോര്‍ കണ്ടെത്താന്‍ സൂര്യകുമാറിന് ഇതുവരെ സാധിച്ചിട്ടില്ല എന്ന് ഓര്‍മിപ്പിച്ച കമ്രാന്‍ അക്മല്‍, പാക്കിസ്ഥാന് എതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യക്കാണ് മുന്‍തൂക്കം എന്നും പറഞ്ഞു.
'പാക്കിസ്ഥാനെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ നേരിടുമ്പോള്‍ ബാറ്റിങ്ങില്‍ കോലിയുടേയും സൂര്യകുമാറിന്റേയും പ്രകടനമാണ് നിര്‍ണായകമാവുക. ഐസിസി വേദികളില്‍ പാക്കിസ്ഥാനെതിരെ റണ്‍സ് കണ്ടെത്തി രോഹിത് തന്റെ മികവ് തെളിയിച്ച് കഴിഞ്ഞു. ഇനി സൂര്യകുമാര്‍ യാദവിന്റെ ഊഴമാണ്. ഒന്നാം നമ്പര്‍ താരമാണ് സൂര്യകുമാര്‍ യാദവ് എങ്കില്‍ പാക്കിസ്ഥാനെതിരെ മുന്‍പോട്ട് വന്ന് റണ്‍സ് സ്കോര്‍ ചെയ്യും. പാകിസ്ഥാന് എതിരെ ഉയര്‍ന്ന സ്കോര്‍ കണ്ടെത്താന്‍ സൂര്യകുമാറിന് ഇതുവരെ സാധിച്ചിട്ടില്ല. ക്ലാസി പ്ലേയറാണ് സൂര്യകുമാര്‍. 360 ഡിഗ്രിയില്‍ കളിക്കുന്ന താരം', കമ്രാന്‍ അക്മല്‍ പറയുന്നു.
'ബോളിങ്ങിലേക്ക് വരുമ്പോള്‍ ബുമ്രയ്ക്ക് പകരം മറ്റൊരു താരമില്ല. ട്വന്റി20യിലായാലും ഏകദിനത്തിലായാലും ടെസ്റ്റിലായാലും അതിന് മാറ്റമില്ല. ഫോര്‍മാറ്റും സാഹചര്യങ്ങളും ബുമ്രയ്ക്ക് പ്രശ്നമല്ല. ഉറങ്ങിക്കൊണ്ടിരിക്കുന്ന ബുമ്രയെ വിളിച്ചുണര്‍ത്തി ബോള്‍ ചെയ്യിപ്പിച്ചാലും വിക്കറ്റ് വീഴ്ത്തും. അതുപോലൊരു ക്ലാസി പ്ലേയറാണ് ബുമ്ര. കുല്‍ദീപ് യാദവിനും പാക്കിസ്ഥാനെ സമ്മര്‍ദത്തിലേക്ക് തള്ളി വിടാനാവും. പാക്കിസ്ഥാന്‍ കുല്‍ദീപിനെ ഭയപ്പെടണം. കുല്‍ദീപ് കളിക്കാതിരുന്നെങ്കില്‍ എന്ന് പാക് ടീം ആഗ്രഹിക്കണം.'
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ കണക്കുകള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. 2021ല്‍ ചെയ്തത് ആവര്‍ത്തിക്കാന്‍ പാക്കിസ്ഥാന് കഴിയണം. കോലി ബാറ്റ് ചെയ്യുമ്പോള്‍ ഒരു മനുഷ്യനാണ് കളിക്കുന്നത് എന്ന് തോന്നില്ല. ഒരാള്‍ക്കും കോലിയെ അലോസരപ്പെടുത്താനാവില്ല. കോലിക്കെതിരെ പന്തെറിയുന്നതിന് മുന്‍പ് ഏതൊരു ബോളറും രണ്ടാമതൊന്ന് ആലോചിക്കും എന്നും പാക് മുന്‍ താരം പറഞ്ഞു.