സര്‍ വിവിയന്‍ റിച്ചര്‍ഡ് സ്റ്റേഡിയത്തില്‍ ബംഗ്ലദേശിനെതിരെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമോ? ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. ഐപിഎല്ലില്‍ തകര്‍ത്തടിച്ച ശിവം ദുബെ ഫോം കണ്ടെത്താന്‍ പരുങ്ങുന്നതാണ് സഞ്ജുവിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നത്. യു.എസ്.എയ്ക്കെതിരായ മല്‍സരത്തില്‍ ദുബെ പുറത്താകാതെ 31 റണ്‍സ് നേടിയെങ്കിലും സൂര്യകുമാര്‍ യാദവിന്‍റെ മിന്നും പ്രകടനമാണ് കളി ജയിപ്പിച്ചത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ദുബെയെ പുറത്തിരുത്തി സഞ്ജുവിന് മധ്യനിരയില്‍ ഇടം നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെട്ട ഓപ്പണിങ് കൂട്ടുകെട്ട് സ്ഥിരത പുലര്‍ത്താത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്. ഹാര്‍ദിക് പാണ്ഡ്യ ഫോം വീണ്ടെടുത്തത് ആശ്വാസവുമാണ്. ബൗളിങില്‍ ഇന്ത്യ നിലവിലെ കോംപിനേഷനുകള്‍ തുടരാനാണ് സാധ്യത. സ്പിന്നര്‍മാരെ തുണയ്ക്കുന്ന കരീബിയന്‍ പിച്ചില്‍ കുല്‍ദീപ് ഉള്‍പ്പടെ മൂന്ന് സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കിയേക്കും.
ബംഗ്ലദേശിനെതിരെ മാനസികമായ ആധിപത്യം ഇന്ത്യയ്ക്കുണ്ടെങ്കിലും പേരിനൊത്ത പ്രകടനങ്ങളൊന്നും ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തിട്ടില്ല. ഓസ്ട്രേലിയയ്ക്കെതിരെ പരാജയപ്പെട്ട ബംഗ്ലദേശിന് ഇന്നത്തെ കളി നിര്‍ണായകമാണ്. 28 റണ്‍സിനായിരുന്നു ഓസ്ട്രേലിയയോട് ബംഗ്ലദേശ് തോറ്റത്. ബാറ്റര്‍മാര്‍ താളം കണ്ടെത്താത്തതാണ് പ്രധാന തലവേദന. മുസ്തഫിസുര്‍ റഹ്മാനിലും ലെഗ്സ്പിറ്ററായ റിഷാദ് ഹുസൈനിലുമാണ് പ്രതീക്ഷ.
ഇന്ത്യന്‍ ടീം ലൈനപ് സാധ്യത ഇങ്ങനെ: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.