ബംഗ്ലദേശ്–അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് പോരാട്ടം ആകാംക്ഷയുടെ പരകോടിയില്‍ നില്‍ക്കുന്ന സമയം. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ ഗുല്‍ബദിന്‍ പെട്ടെന്ന് വേദന കൊണ്ട് പുളയുന്നു. പേശിവലിവെന്ന് പറഞ്ഞ് നിലത്ത് വീഴുന്നു. നൂര്‍ അഹമ്മദ് എറിഞ്ഞ പന്ത്രണ്ടാം ഓവറിലായിരുന്നു ഇത്. ഗുല്‍ബദിന്‍ വീണതോടെ കളിയുടെ ഗതിയില്‍ ചെറിയൊരു തടസം നേരിട്ടു. തൊട്ടുപിന്നാലെ മഴയും വന്നു. ഗുല്‍ബദിനെ സപ്പോര്‍ട്ട് സ്റ്റാഫും സഹതാരം നവീന്‍ ഉള്‍–ഹഖും താങ്ങി ഗ്രൗണ്ടിന് പുറത്തെത്തിക്കുകയും ചെയ്തു.
ഇതുവരെ സംഗതി ക്ലീന്‍! എന്നാല്‍ ടിവിയില്‍ തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ നോക്കിയപ്പോഴാണ് അഫ്ഗാനിസ്ഥാന്‍ കോച്ച് ജൊനാഥന്‍ ട്രോട്ട് കളിക്കാരോട് വേഗം കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നത് കണ്ടത്. ബംഗ്ലദേശ് ഡിഎല്‍എസ് പാര്‍ സ്കോറില്‍ പിന്നിലായപ്പോഴായിരുന്നു ട്രോട്ടിന്റെ നീക്കം. ഇതോടെ ഗുല്‍ബദിന്റെ വീഴ്ച അഭിനയമാണെന്ന് ആരോപണമുയര്‍ന്നു. കമന്റേറ്റര്‍മാര്‍ ഇത് ഏറ്റെടുത്തതോടെ സംഗതി കൊഴുത്തു. ‘ഓസ്കറോ, എമ്മിയോ?’ സിംബാബ്‍വെയില്‍ നിന്നുള്ള കമന്റേറ്റര്‍ പോമി എംബാങ്‌വ ചോദിച്ചു. ‘വേഗം കുറയ്ക്കാന്‍ കോച്ച് ആവശ്യപ്പെടുന്നു, കളിക്കാരന്‍ നിലത്തുവീഴുന്നു, ഇത് അംഗീകരിക്കാനാവില്ല. മഴ വന്നാലും ഇല്ലെങ്കിലും ഇതൊന്നും ശരിയല്ല’. കമന്റേറ്റര്‍ സൈമണ്‍ ഡൗള്‍ പറഞ്ഞു.
കളി കഴിഞ്ഞപ്പോള്‍ ഗുല്‍ബദിന്റെ വക ട്വീറ്റ് കൂടിയായപ്പോള്‍ വിമര്‍ശകരുടെ രോഷം കൂടി. ‘സന്തോഷം പലപ്പോഴും ദുഖത്തില്‍ നിന്നാണ് ഉണ്ടാകുന്നത്; ഹാംസ്ട്രിങ്’ എന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന സ്മൈലികള്‍ കൂടി ചേര്‍ത്തുള്ള ട്വീറ്റ്. ഇതുകണ്ട സാക്ഷാല്‍ രവിചന്ദ്രന്‍ അശ്വിന്‍ രംഗത്തിറങ്ങി. ‘ഗുല്‍ബദിന്‍ നായ്ബിന് റെഡ് കാര്‍ഡ്’ എന്നായിരുന്നു ‘എക്സി’ല്‍ത്തന്നെ അശ്വിന്റെ തിരിച്ചടി.
മഴ കഴിഞ്ഞ് അഞ്ചുമിനിറ്റിനുള്ളില്‍ കളി പുനരാരംഭിച്ചു. പതിമൂന്നാം ഓവറില്‍ത്തന്നെ ഗുല്‍ബദിന്‍ ഗ്രൗണ്ടില്‍ മടങ്ങിയെത്തി. പതിനഞ്ചാം ഓവറില്‍ തസ്നിം ഹസനെ പുറത്താക്കി കളി അഫ്ഗാന് അനുകൂലമാക്കുകയും ചെയ്തു. മല്‍സരത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനോട് ഇതേപ്പറ്റി ചോദ്യമുയര്‍ന്നു. ‘അവന് പേശിവലിവുണ്ടായിരുന്നു. ഗ്രൗണ്ടില്‍ എന്തുപറ്റിയെന്ന് എനിക്കറിയില്ല. സമൂഹമാധ്യമങ്ങളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നും എനിക്ക് പിടിയില്ല’. ആ സംഭവം കളിയില്‍ ഒരു സ്വാധീനവും ചെലുത്തിയില്ലെന്നും റാഷിദ് ഖാന്‍ പറഞ്ഞു.
എന്നാല്‍ സോഷ്യല്‍ മീഡിയ വിടുന്ന മട്ടില്ല. മിനിറ്റുകള്‍ക്കുള്ളില്‍ ഗുല്‍ബദിന്റെ വിഡിയോവച്ച് മീം വരെ പുറത്തിറങ്ങി. മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോനും ന്യൂസീലാന്‍ഡ് കമന്റേറ്റര്‍ ഇയാന്‍ സ്മിത്തും അതിരൂക്ഷമായാണ് ഗുല്‍ബദിന്‍ എപ്പിസോഡിനോട് പ്രതികരിച്ചത്. ‘എനിക്ക് ആറുമാസമായി മുട്ടുവേദനയുണ്ട്. ഈ കളി കഴിഞ്ഞാല്‍ ഞാന്‍ ഗുല്‍ബദിനെ ചികില്‍സിച്ച ഡോക്ടറെ കാണാന്‍ പോകുകയാണ്. അയാള്‍ എട്ടാമത്തെ ലോകാല്‍ഭുതം തന്നെ!’ ഇതായിരുന്നു ഇയാന്‍ സ്മിത്തിന്റെ വാക്കുകള്‍.