(Screengrab from ACB video)

(Screengrab from ACB video)

ടി20 ലോകകപ്പിൽ ബം​ഗ്ലാദേശിനെ തകർത്ത് അഫ്​ഗാനിസ്ഥാൻ സെമിയിലെത്തിയതിന് പിന്നാലെ ക്യാപ്റ്റൻ റാഷിദ് ഖാനെ വിഡിയോ കാൾ വിളിച്ച്  താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി. ചരിത്രത്തിൽ ആദ്യമായി ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തിയതിന് അഫ്​ഗാൻ ടീമിനെ അമീർ ഖാൻ മുത്താഖി അഭിനന്ദിച്ചു. മഴ നിയമപ്രകാരം എട്ടു റൺസിന് ബം​ഗ്ലാദേശിനെ തകർത്തെറിഞ്ഞാണ് അഫ്​ഗാനിസ്ഥാൻ ടി20 ലോകപ്പിന്റെ സെമിയിലെത്തിയത്. ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയ്ക്കുപിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അഫ്ഗാന്‍ സെമിയിലേക്ക് പ്രവേശിക്കുന്നത്. 

അഫ്​ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാന്റെ നായക മികവും കൃത്യയതോടെയുള്ള ബൗളിം​ഗും തന്നെയാണ് ടീമിന്റെ മുതൽക്കൂട്ട്. പിന്നിട്ട കുറച്ചു വർഷങ്ങളിൽ കഠിനാധ്വാനത്തിലൂടെ ഇത്രത്തോളം മാറിയ മറ്റൊരു ക്രിക്കറ്റ് ടീം ഉണ്ടാകുമോ എന്ന് സംശയമാണ്. സെമിയിൽ അഫ്ഗാനെ എതിരിടാൻ അല്പം പേടിയോടെ തന്നെയാവും ദക്ഷിണാഫ്രിക്ക എത്തുകയെന്ന് ഉറപ്പാണ്. സെമിയിലും അട്ടിമറി തുടർന്നാൽ ഇനി പണി കിട്ടുക ദക്ഷിണാഫ്രിക്കക്കാണ്.

ക്യാപ്റ്റന്‍ റാഷിദ് ഖാന്റെയും നവീദ് ഉള്‍–ഹഖിന്റെയും നൂര്‍ അഹമ്മദിന്റെയും തകര്‍പ്പന്‍ ബോളിങ്ങും മനസ്സാന്നിധ്യവുമാണ് അഫ്ഗാനിസ്ഥാനെ അവിസ്മരണീയ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയത്. ബംഗ്ലാദേശ് മധ്യനിരയെ തച്ചുതകര്‍ത്ത റാഷിദ് ഖാന്‍ തന്നെയാണ് ബോളര്‍മാരില്‍ മികച്ചുനിന്നത്. നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ്! നവീന്‍ 3.5 ഓവറില്‍ 26 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തി.  

116 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് സെമിയിലെത്താന്‍ 12.1 ഓവറില്‍ ജയിക്കണമായിരുന്നു. എന്നാല്‍ ഇടയ്ക്ക് മഴ കളിമുടക്കിയതോടെ അവരുടെ ലക്ഷ്യം ദുഷ്കരമായി. മുന്‍നിരയും മധ്യനിരയും ഒരുപോലെ നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണര്‍ ലിറ്റണ്‍ ദാസ് ഏറെക്കുറെ ഒറ്റയ്ക്കാണ് ടീമിനെ മുന്നോട്ടുനയിച്ചത്. ദാസ് 49 പന്തില്‍ പന്തില്‍ 54 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. തൗഹിദ് ഹൃദോയ് പതിനാലും സൗമ്യ സര്‍ക്കാര്‍ പത്തും റണ്‍സെടുത്തു. ബംഗ്ല നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ തീരുമാനം പിഴച്ചോ എന്ന് തോന്നിപ്പിക്കുംവിധമായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. ഓപ്പണര്‍ റഹ്മത്തുള്ള ഗുര്‍ബാസ് ഒഴികെ ആര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഗുര്‍ബാസ് 43 റണ്‍സെടുത്തു. തക്സിന്‍ അഹമ്മദിന്റെയും ഷാക്കിബ് അല്‍ ഹസന്റെയും മുസ്തഫിസുര്‍ റഹ്മാന്റെയും റിഷാദ് ഹുസൈന്റെയും മികച്ച ബോളിങ്ങിനുമുന്നില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ വിഷമിച്ചു. 10 പന്തില്‍ മൂന്ന് സിക്സടക്കം പായിച്ച റാഷിദ് ഖാനാണ് സ്കോര്‍ നൂറുകടത്തിയത്. 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 115 റണ്‍സെടുക്കാനേ അഫ്​ഗാന് കഴിഞ്ഞുള്ളു എങ്കിലും, ബൗളിങ്ങിൽ ബം​ഗ്ലാദേശിനെ എറിഞ്ഞൊതുക്കി വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. 

എത്ര പ്രതികൂല സാഹചര്യത്തിൽ നിന്നാണ് അഫ്​ഗാൻ ഇതുവരെ എത്തിയതെന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ആഭ്യന്തര പ്രശ്‍നങ്ങളും യുദ്ധവും  അലട്ടുമ്പോഴും, അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് ടെന്നീസ് ബോളിൽ ക്രിക്കറ്റ് കളിച്ചാണ് 2015ലെ ലോകകപ്പിലേക്ക് അവർ എത്തുന്നത്.  ഇന്ത്യയിൽ 2011ൽ നടന്ന ലോകകപ്പ് ടൂർണ്ണമെന്റിലേക്ക് അഫ്​ഗാന് യോഗ്യത നേടാനായില്ല, എന്നാൽ യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനം അവർക്ക് ഏകദിന പദവി നേടിക്കൊടുത്തു. പിന്നെ കഠിനാധ്വാനത്തിലൂടെ പടിപടിയായി ഉയർന്ന് ഇപ്പോഴിതാ ടി20 ലോകകപ്പ് സെമിയിൽ എത്തി നിൽക്കുന്നു. 

2015ലെ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയായിരുന്നു അഫ്​ഗാന്റെ ലോകകകപ്പിലെ ആദ്യ മത്സരം. അന്ന് 105 റൺസിന്റെ വമ്പൻ തോൽവി ഏറ്റ് വാങ്ങിയാണ് അവർ മടങ്ങിയതെങ്കിൽ, ഇന്ന് അതേ ബം​ഗ്ലാദേശിനെ തകർത്താണ് അവർ ടി20 ലോകകപ്പ് സെമിയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. 2019ലെ ലോകകപ്പിലും അഫ്‌ഗാൻ ഇടം പിടിച്ചെങ്കിലും ഒരു മത്സരം പോലും വിജയിക്കാനാകാതെ നിരാശയോടെയായിരുന്നു മടക്കം. 

2023 ലോകകപ്പിലാണ് അഫ്​ഗാൻ ചലനമുണ്ടാക്കുന്നതും ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതും.  ശ്രീലങ്ക, ഇംഗ്ലണ്ട്, പാകിസ്താന്‍ തുടങ്ങിയ ക്രിക്കറ്റിലെ വമ്പന്മാരെ അഫ്ഗാൻ പട അട്ടിമറിച്ചു. അതൊരു സൂചനയായിരുന്നുവെന്ന് ഇന്ന് വ്യക്തം. ആ പോരാട്ടവീര്യം അതേപടി തുടരുകയാണ് അവർ. ഈ ടി20 ലോകകപ്പിൽ ന്യൂസീലന്‍ഡിനെ ഞെട്ടിച്ചാണ് ഗ്രൂപ്പ് മത്സരത്തില്‍ അഫ്​ഗാൻ തുടങ്ങിയത്. തുടർന്ന് ഉഗാണ്ടയും പിഎൻജിയും തകർത്തു. സൂപ്പർ എട്ടിൽ ശക്തരായ ഇന്ത്യയോട് തോറ്റെങ്കിലും, ഓസ്‌ട്രേലിയയെ മലർത്തിയടിച്ചു. ഇപ്പോഴിതാ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി തലയെടുപ്പോടെ സെമിയിലേക്ക്.. 

ENGLISH SUMMARY:

Taliban Foreign Minister Amir Khan Muttaqi congratulates captain Rashid Khan over video call