ഇനി അഫ്ഗാനിസ്ഥാന്റെ ട്വന്റി20 ജയങ്ങളെ 'അട്ടിമറി' എന്ന് പറയാനാവുമോ? ഏത് കരുത്തനെയും തോല്‍പ്പിക്കാന്‍ പാകത്തില്‍ വളര്‍ന്നു കഴിഞ്ഞു എന്ന് പ്രഖ്യാപിച്ചാണ് ട്വന്റി20 ലോകകപ്പിലെ അഫ്ഗാന്റെ പ്രകടനങ്ങള്‍. ഐസിസി ലോക കിരീടപോരാട്ടങ്ങളില്‍ എന്നും കണ്ണീര്‍ കഥകള്‍ മാത്രം പറയാനുള്ള ദക്ഷിണാഫ്രിക്കയാണ് സെമിയില്‍ അഫ്ഗാന്റെ മുന്‍പിലേക്ക് എത്തുന്നത്. ട്വന്റി20 ലോകകപ്പ് ഫൈനല്‍ എന്ന ചരിത്ര നേട്ടം ലക്ഷ്യമിടുകയാണ് അഫ്ഗാനിസ്ഥാന്‍. ഇരുകൂട്ടരും കിരീട സ്വപ്നങ്ങള്‍ നെഞ്ചോടുചേര്‍ത്ത് ഇറങ്ങുന്നതിനിടെ മഴ വില്ലനായെത്തിയാല്‍ എന്താകും? എങ്ങനെയാകും വിജയിയെ നിര്‍ണയിക്കുക?
ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കാനിരിക്കുന്ന ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ മഴ മുന്നറിയിപ്പുണ്ട്. ഇന്നത്തെ സെമി ഫൈനല്‍ മത്സരത്തില്‍ മഴ വില്ലനായാല്‍ നിശ്ചിത സമയത്തിനും 60 മിനിറ്റ് അധിക സമയം മത്സരം പൂര്‍ത്തിയാക്കാന്‍ നല്‍കും. എന്നാല്‍ ഫലം കണ്ടെത്താനായില്ലെങ്കില്‍ മത്സരം റിസര്‍വ് ഡേയിലേക്ക് നീളും. റിസര്‍വ് ഡേയിലും മഴ കളി മുടക്കിയാല്‍ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും. സൂപ്പര്‍ 8ലെ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയതാണ് ഇവിടെ ദക്ഷിണാഫ്രിക്കയെ തുണയ്ക്കുക.
പ്രാദേശിക സമയം രാത്രി 8.30നാണ് ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാന്‍ മത്സരം. ഉച്ചയ്ക്ക് ശേഷമാണ് ട്രിനിഡാഡില്‍ മഴ പ്രവചിച്ചിട്ടുള്ളത്. വൈകുന്നേരത്തോടെ മഴ മാറി നില്‍ക്കുമെന്നാണ് അനുമാനം. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ 26-27 ഡിഗ്രി സെല്‍ഷ്യസായിരിക്കും മത്സര സമയത്തെ താപനില.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും തോല്‍ക്കാതെയാണ് ദക്ഷിണാഫ്രിക്ക വരുന്നത്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയിലെ പിച്ചില്‍ നല്ല ബൗണ്‍സ് ലഭിക്കുന്നതാണ് ടൂര്‍ണമെന്റിലുടനീളം കണ്ടത്. ഇവിടെ കളിച്ച നാല് ട്വന്റി20 ലോകകപ്പ് മത്സരങ്ങളില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. 91 റണ്‍സ് ആണ് ഇവിടുത്തെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോര്‍. ഇതോടെ ടോസ് നേടുന്ന ടീം ബോളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.