ബംഗ്ലാദേശ് ഇന്നിങ്സിന്റെ പന്ത്രണ്ടാം ഓവറില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിന് ഇടയില്‍ പേശിവലിവ് എന്ന പേരില്‍ നിലത്ത് വീണ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ ഗുല്‍ബദിന് നേര്‍ക്ക് വിലക്ക് വരുമോ? പരുക്ക് അഭിനയിച്ച് ഗ്രൗണ്ടില്‍ വീണതിന് ഗുല്‍ബദിന് നേരെ വിലക്ക് വരുമോ എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ശക്തമാവുന്നത്. അഫ്ഗാനിസ്ഥാന്‍ കോച്ച് ജൊനാഥന്‍ ട്രോട്ട് കളിക്കാരോട് വേഗം കുറയ്ക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഗുല്‍ബദിന്‍ പരുക്കെന്ന് പറഞ്ഞ് വീണത്. ഈ സമയം ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം അഫ്ഗാനിസ്ഥാന് അനുകൂലമായിരുന്നു സ്കോര്‍ ബോര്‍ഡ്.
ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച് ആര്‍ട്ടിക്കിള്‍ 2.10.7ല്‍ ഉള്‍പ്പെടുന്ന ലെവല്‍ ഒന്നില്‍ പെടുന്ന കുറ്റമാണ് സമയം മനപൂര്‍വം പാഴാക്കുക എന്നത്. മാച്ച് ഫീയുടെ 100 ശതമാനവും രണ്ട് സസ്പെന്‍ഷന്‍ പോയിന്റുമാണ് ഈ കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ. ഒരു വര്‍ഷം ഒരു കളിക്കാരന് നാല് സസ്പെന്‍ഷന്‍ പോയിന്റ് ലഭിച്ചാല്‍ ഒരു ടെസ്റ്റില്‍ നിന്നോ രണ്ട് ഏകദിനങ്ങളില്‍ നിന്നോ ട്വന്റി20യില്‍ നിന്ന് വിലക്ക് നേരിടും.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 41.9 പ്രകാരം ട്വന്റി20 മത്സരങ്ങളില്‍ ബോളര്‍ അല്ലെങ്കില്‍ ഫീല്‍ഡര്‍ സമയം മനപൂര്‍വം പാഴാക്കിയാല്‍ അഞ്ച് പെനാല്‍റ്റി റണ്‍ എതിര്‍ ടീമിന് ലഭിക്കും. അംപയര്‍ക്ക് ഈ പെനാല്‍റ്റി റണ്‍ വിധിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍–ബംഗ്ലാദേശ് മത്സരത്തില്‍ ഇങ്ങനെയൊന്ന് ഉണ്ടായില്ലെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മത്സരത്തില്‍ സമയം മനപൂര്‍വം പാഴാക്കിയോ എന്ന് മത്സര ശേഷം അന്വേഷിക്കുന്നതിനും ഐസിസി പെരുമാറ്റച്ചട്ടത്തില്‍ വകുപ്പുണ്ട്. മനപൂര്‍വം സമയം നഷ്ടപ്പെടുത്തുകയായിരുരന്നു എന്ന് അംപയര്‍ക്ക് തോന്നിയാല്‍ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ അംപയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാം. ഇങ്ങനെ അംപയര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ക്യാപ്റ്റന്‍ അല്ലെങ്കില്‍ ഫീല്‍ഡിങ് ടീമിലെ ഏതെങ്കിലും ഒരു അംഗത്തിന് മേല്‍ ആയിരിക്കും കുറ്റം ചുമത്തുക.
ട്വന്റി20 ലോകകപ്പ് സെമി എന്ന സ്വപ്ന നേട്ടത്തിലേക്ക് അഫ്ഗാന്‍ എത്തിയെങ്കിലും ഗുല്‍ബദിന്റെ ഹാംസ്ട്രിങ് കല്ലുകടിയായി നിന്നു. സന്തോഷം പലപ്പോഴും ദുഖത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഹാംസ്ട്രിങ് എന്ന് എഴുതി ചിരിക്കുന്ന സ്മൈലി കൂടി ഗുല്‍ബദിന്റെ എക്സില്‍ നിന്ന് വന്നതോടെ ആരാധകര്‍ രണ്ട് ചേരികളിലായി തിരിഞ്ഞു. ഗുല്‍ബദിന് റെഡ് കാര്‍ഡ് എന്നായിരുന്നു അശ്വിന്റെ ട്വീറ്റ്.