rohit-today

2022 നവംബർ 10. ഓസ്ട്രേലിയയിലെ അഡ്​ലെയ്​ഡില്‍ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ആറുവിക്കറ്റിന് 168 എന്ന ചെറുതല്ലാത്ത സ്കോർ ഇംഗ്ലണ്ടിനുമുന്നിൽ വച്ചു. അന്നും ആദിൽ റഷീദും ലിയാം ലിവിങ്സ്റ്റണുമാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. 33 പന്തിൽ 63 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 50 റൺസെടുത്ത വിരാട് കോലിയും മാത്രമേ ഇന്ത്യൻ നിരയിൽ തിളങ്ങിയുള്ളു. ക്രിസ് ജോർദൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്പിന്നർമാർ റണ്ണൊഴുക്ക് ഫലപ്രദമായി തടഞ്ഞു.

buttler-2022

ജോസ് ബട്​ലറും അലക്സ് ഹെയില്‍സും (ഫയല്‍ ചിത്രം)

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണർമാർ ബുമ്രയില്ലാത്ത ഇന്ത്യൻ ബോളിങിനെ തച്ചുതകർത്തു. വെറും 16 ഓവറിൽ ഒരുവിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ അവർ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്ക് 10 വിക്കറ്റിൻ്റെ നാണംകെട്ട തോൽവി. ഭുവനേശ്വർ കുമാറും അർഷ്ദീപ് സിങ്ങും അക്സർ പട്ടേലും മുഹമ്മദ് ഷമിയും ആർ.അശ്വിനും ഹാർദിക് പാണ്ഡ്യയും കണക്കിന് തല്ലുവാങ്ങി. ക്യാപ്റ്റൻ ജോസ് ബട്ട്ലറും സഹ ഓപ്പണർ അലക്സ് ഹെയ്ൽസുമാണ് അഡ്​ലെയ്ഡില്‍ ഇന്ത്യയെ തകർത്തത്. ഹെയ്ൽസ് 47 പന്തിൽ എൺപത്താറും ബട്ട്ലർ 49 പന്തിൽ എൺപതും റൺസെടുത്തു. ഹെയ്ൽസ് പ്ലെയർ ഓഫ് ദ് മാച്ചുമായി.

ഈ തോൽവിയുടെ നാണക്കേടാണ് രണ്ടുവർഷം പിന്നിടുംമുൻപ് ഇന്ത്യ പ്രോവിഡൻസിൽ തുടച്ചുമാറ്റിയത്. 2022ൽ ബാറ്റുകൊണ്ട് എത്ര വലിയ തോൽവി ഏറ്റുവാങ്ങിയോ അതിലും വലിയ വിജയം ഇക്കുറി ടീം ഇന്ത്യ പന്തുകൊണ്ട് സ്വന്തമാക്കി.  10 വിക്കറ്റ് തോൽവിക്ക് മറുപടി 68 റൺസ് ജയം. രണ്ടും ട്വന്‍റി20 ലോകകപ്പ് സെമിഫൈനലുകളിൽ. അന്ന് ഒരു വിക്കറ്റ് പോലും നേടാനാകാതെ തലകുനിച്ചുനിന്നത് ഇന്ത്യയാണെങ്കിൽ ഇക്കുറി വെറും 100 പന്തിൽ എല്ലാവിക്കറ്റും നഷ്ടപ്പെടുത്തി തലകുനിച്ചുനിൽക്കേണ്ടിവന്നത് ഇംഗ്ലണ്ടിന്. 

ഇംഗ്ലണ്ടിനെതിരായ വിജയം ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ആത്മവിശ്വാസത്തിന് കരുത്തുകൂട്ടും. പ്രത്യേകിച്ച് ലോകവേദികളിലെ നിർണായക നോക്കൗട്ട്  മൽസരങ്ങളിൽ കാലിടറുന്ന  ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ. 2011ൽ ആദ്യ ടി ട്വൻ്റി ലോകകപ്പ് സ്വന്തമാക്കിയശേഷം രണ്ടാംതവണയാണ് ഇന്ത്യ ഫൈനൽ കളിക്കുന്നത്. പാക്കിസ്ഥാനെ അഞ്ചുറൺസിന് തോൽപ്പിച്ചായിരുന്നു ആദ്യലോകകപ്പിൽ ഇന്ത്യ ജേതാക്കളായത്. 2014ൽ ശ്രീലങ്കയെ നേരിട്ടപ്പോൾ ഇന്ത്യൻ ബാറ്റർമാർ കളിമറന്നു. ഫൈനലിൽ ലങ്കയ്ക്ക് ആറുവിക്കറ്റ് വിജയം. പിന്നീട് ഈ ലോകകപ്പ് വരെ ഇന്ത്യയ്ക്ക് സെമി കടക്കാനായില്ല. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാൽ ഏകദിന ലോകകപ്പിലെ നിരാശ തീർക്കാൻ രോഹിത് ശർമയ്ക്ക് മറ്റൊന്നും വേണ്ട.

ENGLISH SUMMARY:

India's sweetest revenge against England.The last time these two nations faced off in a Men's T20 World Cup semi-final was just 19 months ago in Adelaide, when a remarkable opening partnership between Jos Buttler and Alex Hales saw England cruise to 10 wicket win that forced a complete rethink in India's T20 strategy and move away from more established superstars to younger blood, from conservatism to aggression.