13 വര്‍ഷത്തെ ഇന്ത്യയുടെ ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചതിന് പിന്നാലെ ഗ്രൗണ്ടില്‍ നിന്ന് അഭിമുഖം നല്‍കുകയായിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഈ സമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്റര്‍വ്യു തടസപ്പെടുത്തി എത്തി. ഹര്‍ദിക്കിന്റെ കവിളില്‍ ചുംബിച്ച് രോഹിത് കെട്ടിപ്പിടിച്ചു. ഐപിഎല്‍ നാളുകളില്‍ ഇരുവരേയും ചുറ്റിപ്പറ്റി നിറഞ്ഞ് നിന്ന റിപ്പോര്‍ട്ടുകളെല്ലാം ഈ ഒരൊറ്റ നിമിഷത്തില്‍ ഒന്നുമല്ലാതായി.
ഇന്ത്യയുടെ ലോകകപ്പ് ആഘോഷങ്ങള്‍ക്കിടയിലെ ഏറ്റവും മനോഹരമായ നിമിഷമായി ഇത് മാറിയെന്നും ആരാധകര്‍ പറയുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെയാണ് ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ പരസ്യമായത്.
ഹര്‍ദിക്കിന് ക്യാപ്റ്റന്‍സി നല്‍കിയതോടെ ടീം രണ്ട് ചേരികളായി തിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗ്രൗണ്ടിലെ രോഹിത്തിനോടുള്ള ഹര്‍ദിക്കിന്റെ പെരുമാറ്റവും ആരാധകരെ ക്ഷുഭുതരാക്കി. വാങ്കഡെയ്ക്ക് പുറമെ ഹൈദരാബാദിലും അഹമ്മദാബാദിലും ഉള്‍പ്പെടെ ആരാധകര്‍ കൂവലോടെയാണ് ഹര്‍ദിക്കിനെ സ്വീകരിച്ചത്. 10 കളിയില്‍ നിന്ന് 10 തോല്‍വിയാണ് സീസണില്‍ മുംബൈ വഴങ്ങിയത്.
ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്കായി അവസാന ഓവര്‍ എറിഞ്ഞത്. 16 റണ്‍സ് ആണ് ഹര്‍ദിക്കിന് പ്രതിരോധിക്കേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്തില്‍ തന്നെ ഡേവിഡ് മില്ലറെ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ എത്തിച്ച് ഹര്‍ദിക് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. പിന്നെ വന്ന 5 ഡെലിവറിയില്‍ ഒരു ബൗണ്ടറി മാത്രമാണ് ഹര്‍ദിക് വഴങ്ങിയത്.