ബാര്‍ബഡോസിലെ ത്രില്ലിങ് മത്സരത്തില്‍ ലോകകിരീടം നേടിയ ടീം ഇന്ത്യയെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്റെ നല്ല സുഹൃത്ത് എന്നു വിളിച്ചാണ് രാഹുലിനെ സച്ചിന്‍ അഭിനന്ദിച്ചത്. 2007ലെ ലോകകപ്പ് ഓര്‍മകള്‍ കൂടി ചേര്‍ത്തായിരുന്നു സച്ചിന്റെ വാക്കുകള്‍.
ഒരു ടീമിനെ വീണ്ടും ചാംപ്യന്‍മാരാക്കാന്‍ രാഹുല്‍ ദ്രാവിഡ് നടത്തിയ പരിശ്രമങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു സച്ചിന്റെ അഭിനന്ദനം. ഒരൊറ്റ മത്സരങ്ങളും പരാജയപ്പെടാതെ ട്വന്റി20 കിരീടം നേടുന്ന ആദ്യ ടീം കൂടിയായി മാറിയിരിക്കുകയാണ് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പൂര്‍ണതയാണ് കണ്ടത്. 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍വച്ച് നമുക്കേറ്റ ആഘാതത്തില്‍ നിന്നും ഒരു ക്രിക്കറ്റ് പവര്‍ഹൗസ് ആയി മാറാന്‍ ടീം ഇന്ത്യക്ക് സാഹചര്യമൊരുക്കിയത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ്.‘ എന്റെ നല്ല സുഹൃത്ത്’ഈ നേട്ടത്തില്‍ ഞാന്‍ സന്തോഷവാനാണ്, എന്നായിരുന്നു സച്ചിന്റെ വാക്കുകള്‍.
എക്‌സ് വോളിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിനെ അഭിനന്ദിച്ചത്. 2007ൽ ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോൾ രാഹുൽ ദ്രാവിഡായിരുന്നു ഇന്ത്യൻ ടീമിൻ്റെ നായകൻ. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റാണ് ഇന്ത്യ നാട്ടില്‍ തിരിച്ചെത്തിയത്. ഇന്ത്യയുടെ ഞെട്ടിക്കുന്ന പുറത്താകലിനു ശേഷം ദ്രാവിഡ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. 2007നുള്ള ഒരു മധുരപ്രതികാരം കൂടിയാണ് ഈ 2024 എന്ന് ഓര്‍മിപ്പിച്ചുകൂടിയായിരുന്നു സച്ചിന്റെ വാക്കുകള്‍.
സാധാരണയായി വലിയ വികാരപ്രകടനങ്ങളൊന്നും നടത്താത്ത രാഹുല്‍ ദ്രാവിഡ് ഈ വിജയാഘോഷത്തിനിടെ വികാരാധീനനായതും അതുകൊണ്ടുകൂടിയാണ്. പലപ്പോഴും ജനശ്രദ്ധയില്‍ നിന്നും മാറി നില്‍ക്കാനാണ് രാഹുല്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് രാഹുലിന്റെ കയ്യിലേക്ക് ട്രോഫി കൈമാറി വിരാട് കോലി ടീമിന്റെ ആഘോഷനടുവിലേക്ക് രാഹുലിനെ എത്തിക്കുകയായിരുന്നു.