17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇന്ത്യ ട്വന്റി20 ലോക കിരീടം ഉയര്‍ത്തിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ കാലിടറി വീഴുന്ന പതിവ് രോഹിത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ സംഘം ആവര്‍ത്തിച്ചില്ല. വൈകാരികമായിട്ടാണ് കിരീട നേട്ടം ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിച്ചത്. ആഘോഷങ്ങള്‍ക്കിടയില്‍ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ ഇന്ത്യ പതാക നാട്ടാനും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശ്രമിച്ചു. 

ഗ്രൗണ്ടില്‍ പതാക ഉറപ്പിക്കാന്‍ ശ്രമിക്കുന്ന രോഹിത് ശര്‍മയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. നേരത്തെ ടെന്നീസ് ഇതിഹാസം ജോക്കോവിച്ചിനെ അനുകരിച്ച് പിച്ചിലെ മണല്‍തരി നാവില്‍ വെച്ച് രുചിച്ചും രോഹിത് ആരാധകരുടെ ശ്രദ്ധ പിടിച്ചിരുന്നു.

ഇതെന്റെ അവസാന മത്സരമാണ്. ഇതിലും മികച്ചൊരു സമയമില്ല ഗുഡ്ബൈ പറയാന്‍. ഞാന്‍ ഈ കിരീടത്തിനായി അതിയായി ആഗ്രഹിച്ചിരുന്നു. അത് സംഭവിച്ചു. ജീവിതത്തില്‍ ഞാന്‍ സംഭവിക്കാന്‍ അതിയായി ആഗ്രഹിച്ചത് ഇതാണ്, കിരീട നേട്ടത്തിന് ശേഷം ഇങ്ങനെയായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. 

ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനാണ് രോഹിത് ട്വന്റി20 ലോക കിരീടം സമര്‍പ്പിച്ചത്. കഴിഞ്ഞ 20, 25 വര്‍ഷമായി അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടതെല്ലാം ചെയ്യുന്നു. അദ്ദേഹത്തിനായി ഈ കിരീടം നേടാനായതില്‍ ടീം ഒന്നാകെ അഭിമാനിക്കുന്നതായും രോഹിത് ശര്‍മ പറഞ്ഞു.

ENGLISH SUMMARY:

Captain Rohit Sharma also tried to plant the Indian flag at Kensington Oval