ഇന്ത്യയോടേറ്റ തോല്‍വി ഉള്‍പ്പെടെ ട്വന്റി20 ലോകകപ്പില്‍ തിരിച്ചടികള്‍ ഏറെ ഉണ്ടായ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ടീമില്‍ ഉടച്ചുവാര്‍ക്കലുണ്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടക്കാതെ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ പാക്കിസ്ഥാന്റെ ടീമിന്റെ ഫീല്‍ഡിങ് ഡ്രില്ലിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
കിടക്ക ഉപയോഗിച്ചാണ് ഇവിടെ പാക്കിസ്ഥാന്‍ താരങ്ങള്‍ ഡൈവ് ക്യാച്ച് പരിശീലിക്കുന്നത്. ഗദ്ദാഫി സ്റ്റേഡിയത്തിലെ ട്രെയിനിങ് കോംപ്ലക്സില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള താരങ്ങള്‍ നടത്തുന്ന പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ക്ക് നേരെയാണ് ആരാധകരുടെ പരിഹാസം ഉയരുന്നത്. ഓപ്പണിങ് ബാറ്റര്‍ ഇമാം ഉള്‍ ഹഖ് ഉള്‍പ്പെടെ ഇവിടെ കിടക്ക വെച്ചാണ് ഡൈവിങ് ക്യാച്ച് പരിശീലിക്കുന്നത്.
ബോള്‍ ത്രോ ചെയ്തു കൊടുക്കുമ്പോള്‍ ഓരോ പാക് താരങ്ങളും മാറി മാറി കിടക്കയിലേക്ക് ഡൈവ് ചെയ്ത് ക്യാച്ചെടുക്കുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ അവസ്ഥ ഇതാണോ എന്നാണ് ആരാധകരുടെ ചോദ്യം. പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനായ ഫരീദ് ഖാനാണ് വിഡിയോ പങ്കുവെച്ചത്. ഓസ്ട്രേലിയ, ഇന്ത്യ. ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകള്‍ ഇങ്ങനെയാണോ പരിശീലനം നടത്തുന്നത് എന്ന് ചോദിച്ചാണ് ഫരീദ് ഖാന്‍ വിഡിയോ പങ്കുവയ്ക്കുന്നത്.
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയോടും യുഎസ്എയോടും തോറ്റതോടെയാണ് പാക്കിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായത്. പാക്കിസ്ഥാനെതിരെ സൂപ്പര്‍ ഓവറിലാണ് യുഎസ്എ ജയം പിടിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ 119 റണ്‍സ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ചിറങ്ങിയ പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് ആണ് കണ്ടെത്താനായത്.