hardik-pandya

ഹാർദിക് ഹീറോയാടാ..ഹീറോ.., മാസങ്ങള്‍ക്ക് മുന്‍പ്  തന്നെ കൂകിവിളിച്ച വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെക്കൊണ്ട് കയ്യടിപ്പിച്ച് ഹാർദിക് പാണ്ഡ്യയുടെ മാസ് എന്‍ട്രി. ഐപിഎല്‍ 2024 സീസണിൽ മുംബൈ ഇന്ത്യന്‍സിന്റെ സ്വന്തം മൈതാനത്തുവെച്ച്, സ്വന്തം ആരാധകരുടെ കൂവലുകള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാനായിരുന്നു ഹാർദിക് പാണ്ഡ്യ.  എന്നാല്‍  ‘റീ എൻട്രി’  ട്വന്റി20 ലോകകപ്പിലെ ഹീറോ ആയിട്ടായിരുന്നു. 

ടൂർണമെന്റിലുടനീളം ഗംഭീര പ്രകടനമാണു താരം നടത്തിയത്. ഫൈനലിൽ അവസാന ഓവർ എറിഞ്ഞ് ടീം ഇന്ത്യയെ വിജയ തീരത്തെത്തിക്കാനും പാണ്ഡ്യയ്ക്കു സാധിച്ചു. ആശിച്ച കിരീടം സ്വന്തമാക്കിയെത്തിയ ടീമിനെ ‘പാണ്ഡ്യ, പാണ്ഡ്യ’ ചാന്റുകളുമായാണ് വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകർ സ്വീകരിച്ചത്. ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി ഗാലറിയെ നോക്കി അഭിവാദ്യം ചെയ്ത് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന്‍ കൂടിയായ പാണ്ഡ്യ ആരാധകരെ കയ്യിലെടുത്തു. സീറോയായിപ്പോയി ഹീറോ ആയി മടങ്ങിവരുമ്പോള്‍ ഹാര്‍ദികിന് അഭിനന്ദന പ്രവാഹമാണ്.