TOPICS COVERED

2013ന് ശേഷം ഒരു ഐസിസി കിരീടം ഇന്ത്യയിലേക്ക് എത്തിച്ച രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും വമ്പന്‍ തുക പാരിതോഷികമായി പ്രഖ്യാപിച്ചാണ് ബിസിസിഐ ഞെട്ടിച്ചത്. 125 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ഓരോ താരത്തിനും എത്ര രൂപ വീതം ലഭിക്കും എന്നറിയാനും ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. പതിനഞ്ച് അംഗ സംഘത്തില്‍ ഉള്‍പ്പെട്ട ടീമിലെ ഓരോരുത്തര്‍ക്കും എത്ര കോടി വീതമാകും ലഭിക്കുക?

ഇന്ത്യന്‍ ടീമിലെ കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, സീനിയര്‍ സെലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാമായാണ് ഈ 125 കോടി രൂപ വീതം വെച്ച് നല്‍കുക. കളിക്കാര്‍ക്കും പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിനുമാണ് കൂടുതല്‍ തുക ലഭിക്കുക. ദേശിയ മാധ്യമത്തിലെ റിപ്പോര്‍ട്ട് പ്രകാരം 15 അംഗ സംഘത്തില്‍ ഉള്‍പ്പെട്ട കളിക്കാര്‍ക്കും ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം പ്രതിഫലം ലഭിക്കും. 

ഒരു മത്സരം പോലും ട്വന്റി20 ലോകകപ്പില്‍ കളിക്കാതിരുന്ന ചഹല്‍, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്കും ഈ അഞ്ച് കോടി രൂപ വീതം ലഭിക്കും. കോച്ചിങ് സ്റ്റാഫില്‍ ഉള്‍പ്പെട്ട ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ബോളിങ് കോച്ച് പരസ് മാംബ്രേ, ഫീല്‍ഡിങ് കോച്ച് ടി ദിലീപ് എന്നിവര്‍ക്ക് 2.5 കോടി രൂപ വീതം ലഭിക്കും. 

അജിത് അഗാര്‍ക്കറുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മറ്റിയിലുള്ളവര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കം. റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ആവേശ് ഖാന്‍, ഖലീല്‍ അഹ്മദ് എന്നിവര്‍ക്ക് ഓരോ കോടി രൂപ വീതമാവും ലഭിക്കുക. ഇന്ത്യന്‍ ടീമിന്റെ മൂന്ന് ഫിസിയോതെറാപ്പിസ്റ്റ്, മൂന്ന് ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റ്, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് എന്നിവര്‍ക്ക് രണ്ട് കോടി രൂപ വീതം ലഭിക്കും. 42 പേരാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ആകെ ഉള്‍പ്പെട്ടിരുന്നത്. കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, സെലക്ടേഴ്സ് എന്നിവരെ കൂടാതെ വിഡിയോ അനലിസ്റ്റ്, ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, മീഡിയ ഓഫീസര്‍മാര്‍, ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും പാരിതോഷികം ലഭിക്കും. 

ENGLISH SUMMARY:

the BCCI announced a huge reward for Rohit Sharma and his team, who brought an ICC title to India