TOPICS COVERED

2007ന് ശേഷം ട്വന്റി20 ലോക കിരീടം നാട്ടിലേക്ക് എത്തിച്ച സംഘത്തെ 125 കോടി രൂപയുടെ വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ചാണ് ബിസിസിഐ സ്വീകരിച്ചത്. യുഎസ്എയും വെസ്റ്റ് ഇന്‍ഡീസും വേദിയൊരുക്കിയ ലോകകപ്പിനായി പറന്ന 42 അംഗ ഇന്ത്യന്‍ സംഘത്തിനാണ് ഈ 125 കോടി രൂപ വീതം വെച്ച് നല്‍കുക. 15 അംഗ സംഘത്തില്‍ ഉള്‍പ്പെട്ട കളിക്കാര്‍‌ക്ക് 5 കോടി രൂപ വീതമാണ് പാരിതോഷികം ലഭിക്കുക. 2007ല്‍ ട്വന്റി20 ലോക കിരീടം നേടിയ ഇന്ത്യന്‍ ടീമിനും 2011ല്‍ ഏകദിന ലോക കിരീടം നേടിയ ടീമിനും 2013ല്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ടീമിനും ലഭിച്ച സമ്മാനത്തുക എത്രയായിരുന്നു?

ഫോട്ടോ: എഎഫ്പി

2013ല്‍ ചാംപ്യന്‍സ് ട്രോഫി കിരീടം ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിലെ ഓരോ കളിക്കാര്‍ക്കും ഒരു കോടി രൂപ വീതമാണ് പാരിതോഷികം നല്‍കിയത്. സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ക്ക് നല്‍കിയത് 30 ലക്ഷം രൂപ വീതവും. 2011ല്‍ ലോക കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആദ്യം ഒരു കോടി രൂപ വീതമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പിന്നീട് ഇത് രണ്ട് കോടി രൂപ വീതമാക്കി മാറ്റി. സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ക്ക് നല്‍കിയത് 50 ലക്ഷം രൂപ വീതവും. സെലക്ടേഴ്സിന് 25 ലക്ഷം രൂപ വീതവും. 

ആറ് സിക്സ് പറത്തിയ യുവിക്ക് ഒരുകോടി

2007ലെ ട്വന്റി20 ലോക കിരീടം നേടിയ ഇന്ത്യന്‍ സംഘത്തിനാകെ 12 കോടി രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചത്. പാക്കിസ്ഥാനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ അന്ന് ലോക കിരീടം ഉയര്‍ത്തിയത്. 2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഒരോവറില്‍ ആറ് സിക്സുകള്‍ പറത്തിയ യുവരാജ് സിങ്ങിന് ബിസിസിഐ പ്രസിഡന്റായിരുന്ന ശരദ് പവാര്‍ ഒരു കോടി രൂപ പ്രത്യേക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഫോട്ടോ: എഎഫ്പി

ഒരു മത്സരം പോലും കളിക്കാതിരുന്നവര്‍ക്കും ലോട്ടറി

2024ലെ ട്വന്റി20 ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന ചഹല്‍, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്കും  അഞ്ച് കോടി രൂപ വീതം ലഭിക്കും. കോച്ചിങ് സ്റ്റാഫില്‍ ഉള്‍പ്പെട്ട ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ബോളിങ് കോച്ച് പരസ് മാംബ്രേ, ഫീല്‍ഡിങ് കോച്ച് ടി ദിലീപ് എന്നിവര്‍ക്ക് 2.5 കോടി രൂപ വീതം ലഭിക്കും.അജിത് അഗാര്‍ക്കറുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മറ്റിയിലുള്ളവര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കം. റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ആവേശ് ഖാന്‍, ഖലീല്‍ അഹ്മദ് എന്നിവര്‍ക്ക് ഓരോ കോടി രൂപ വീതമാവും ലഭിക്കുക. ഇന്ത്യന്‍ ടീമിന്റെ മൂന്ന് ഫിസിയോതെറാപ്പിസ്റ്റ്, മൂന്ന് ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റ്, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് എന്നിവര്‍ക്ക് രണ്ട് കോടി രൂപ വീതം ലഭിക്കും. 42 പേരാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ആകെ ഉള്‍പ്പെട്ടിരുന്നത്. കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, സെലക്ടേഴ്സ് എന്നിവരെ കൂടാതെ വിഡിയോ അനലിസ്റ്റ്, ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, മീഡിയ ഓഫീസര്‍മാര്‍, ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും പാരിതോഷികം ലഭിക്കും.

ENGLISH SUMMARY:

What was the prize money received by the Indian team that won the Twenty20 World Cup in 2007, the team that won the ODI World Cup in 2011 and the team that won the Champions Trophy in 2013?