ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായെത്തുന്നത് വൈകാൻ കാരണം പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കങ്ങളെന്ന് അഭ്യൂഹം. നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കാലാവധി 2024 ട്വന്റി20 ലോകകപ്പോടെ പൂർത്തിയായിരുന്നു. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ താൽക്കാലികമായി പരിശീലിപ്പിക്കുന്നത് മുതിർന്ന താരം വി.വി.എസ്. ലക്ഷ്മണാണ്. ഇപ്പോൾ സിംബാബ്‌വെ പര്യടനത്തിലാണ് ഇന്ത്യൻ ടീം.
പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെ നിയമനം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വൈകിക്കുന്നതാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം. ഗംഭീറിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, തീരുമാനം കൈക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നതെന്നും പ്രതിഫല വിഷയത്തിൽ ചർച്ച അവസാന ഘട്ടത്തിലാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഗംഭീറിന്റെ പ്രതിഫലത്തിൽ തീരുമാനമായ ശേഷമാകും പരിശീലക സംഘത്തിലേക്കുള്ള അംഗങ്ങൾക്കായി ബിസിസിഐ അപേക്ഷ ക്ഷണിക്കുക. ബോളിങ് പരിശീലകൻ പരസ് മാംബ്രെ, ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ്, ഫീൽഡിങ് പരിശീലകൻ ടി. ദിലീപ് എന്നിവരുടെ കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ അംഗങ്ങളെ തേടുന്നത്. പരിശീലക സംഘത്തിലേക്കുള്ള അംഗങ്ങളുടെ കാര്യത്തിൽ അവസാന തീരുമാനം ഗംഭീറിന്റേതായിരിക്കും. ഇന്ത്യൻ പരിശീലകന്റെ റോളിൽ തിളങ്ങിയ രാഹുൽ ദ്രാവിഡിന് ഏകദേശം 12 കോടി രൂപയായിരുന്നു വാർഷിക ശമ്പളം. എന്നാൽ ഗംഭീറിന്റെ വാർഷിക ശമ്പളം ഇതിലും അധികമായിരിക്കുമെന്നാണ് ചർച്ചകൾ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പിൽ, പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളമെന്ന് സൂചിപ്പിച്ചിരുന്നു. ഇതുവരെ, ഒരു ദേശീയ ടീമിനായി പരിശീലകസ്ഥാനം ഏറ്റെടുത്തിട്ടില്ല ഗംഭീർ. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനൊപ്പവും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പവും മെന്ററായും പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ കെകെആർ കിരീടം ചൂടിയത് ഗംഭീറിന്റെ കീഴിലായിരുന്നു.