TOPICS COVERED

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയതിന് ശേഷം വിരാട് കോലിയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായതായി ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര. എന്നാല്‍ ക്യാപ്റ്റനായതിന് ശേഷവും രോഹിത് ശര്‍മ പഴയത് പോലെ തന്നെ പെരുമാറിയിരുന്നതായും അമിത് മിശ്ര പറയുന്നു.

ഞാന്‍ കള്ളം പറയില്ല. ഞാന്‍ കോലിയെ ഏറെ ബഹുമാനിക്കുന്നു. എന്നാല്‍ നേരത്തെ ഉണ്ടായിരുന്നത് പോലൊരു ബന്ധം എനിക്കിപ്പോള്‍ കോലിയുമായി ഇല്ല. എന്തുകൊണ്ടാണ് കോലിക്ക് കുറച്ച് മാത്രം സുഹൃത്തുക്കള്‍? കോലിയുടേയും രോഹിത്തിന്റേയും പെരുമാറ്റം വ്യത്യസ്തമാണ്. രോഹിത്തിന്റെ സ്വാഭാവത്തിലെ‍ ഏറ്റവും നല്ലൊരു കാര്യം ഞാന്‍ പറയാം. ഞാന്‍ ആദ്യം കണ്ടപ്പോഴും ഞാന്‍ അവസാനമായി രോഹിത്തിനെ കണ്ടപ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റം ഒരുപോലെ തന്നെയായിരുന്നു, അമിത് മിശ്ര പറയുന്നു. 

വര്‍ഷങ്ങളായി ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. എന്നാല്‍ ഐപിഎല്ലിലോ മറ്റ് ഏതെങ്കിലും വേദികളിലോ വെച്ച് കാണുമ്പോള്‍ തമാശ പറഞ്ഞ് എന്നോട് രോഹിത് സംസാരിക്കും. രോഹിത് എന്ത് വിചാരിക്കും എന്ന് എനിക്ക് ചിന്തിക്കേണ്ടി വരില്ല. ഞങ്ങള്‍ പരസ്പരം തമാശ പറയും. ക്യാപ്റ്റനാണ്, ലോകകപ്പ് ജയിച്ചു, അഞ്ച് ഐപിഎല്‍ കിരീടങ്ങളുണ്ട്. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ മാറ്റമില്ല. 

2008ലാണ് അമിത് മിശ്ര ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 22 ടെസ്റ്റുകള്‍ അമിത് മിശ്ര കളിച്ചതില്‍ 9 എണ്ണം കോലിക്ക് കീഴിലായിരുന്നു. കോലിക്ക് കീഴില്‍ 33 വിക്കറ്റാണ് അമിത് മിശ്ര വീഴ്ത്തിയത്. എന്നാല്‍ കോലിയുമായി ഇപ്പോള്‍ സംസാരിക്കാറ് പോലുമില്ലെന്ന് അമിത് മിശ്ര പറയുന്നു. 

കോലിയില്‍ ഒരുപാട് മാറ്റം വന്നത് ഞാന്‍ കണ്ടു. ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നത് പോലും ഇല്ലാതായി. പണവും പ്രശസ്തിയും വന്ന് കഴിയുമ്പോള്‍ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണ് നമ്മള്‍ അവരെ സമീപിക്കുന്നത് എന്ന് തോന്നിയേക്കാം. ഞാന്‍ അങ്ങനെയൊരാളല്ല. 14 വയസുള്ളപ്പോള്‍ മുതല്‍ കോലിയെ എനിക്ക് അറിയാം, സമൂസ കഴിച്ചിരുന്ന, എല്ലാ രാത്രിയും പിസ വേണ്ടിയിരുന്ന കോലി. എന്നാല്‍ ആ കോലിയും ക്യാപ്റ്റന്‍ കോലിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്, അമിത് മിശ്ര പറഞ്ഞു.  

ENGLISH SUMMARY:

I respect Kohli a lot. But I don't have the same relationship with Kohli as I used to, says mishra