gambhir-kohli

TOPICS COVERED

വിരാട് കോലിയുമായുള്ള പ്രശ്നം പരിഹരിക്കാന്‍ മുന്‍കൈയെടുത്തത് ഗൗതം ഗംഭീറായിരുന്നു എന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര. 2023 ഐപിഎല്‍ സീസണിന് ഇടയില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മെന്ററായിരുന്ന ഗംഭീറും കോലിയും തമ്മില്‍ ഗ്രൗണ്ടില്‍ വെച്ച് കൊമ്പുകോര്‍ക്കുകയായിരുന്നു. അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹഖുമായുള്ള കോലിയുടെ ഉരസലാണ് ഗംഭീര്‍–കോലി പോരിലേക്ക് നയിച്ചത്. മൂന്ന് പേര്‍ക്കും അന്ന് ഇതിന്റെ പേരില്‍ ശിക്ഷ ലഭിച്ചിരുന്നു. 

എന്നാല്‍ 2024 ഐപിഎല്‍ സീസണില്‍ പരസ്പരസം ആലിംഗനം നല്‍കി ചിരിയോടെ സംസാരിക്കുന്ന കോലിയും ഗംഭീറുമാണ് ആരാധകര്‍ക്ക് മുന്‍പിലെത്തിയത്. പ്രശ്നം പരിഹരിക്കാന്‍ കോലിയെ സമീപിച്ചത് ഗംഭീര്‍ ആണ് എന്നാണ് യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ അമിത് മിശ്ര വെളിപ്പെടുത്തുന്നത്. 

ഗംഭീറില്‍ ഞാന്‍ കാണുന്ന നല്ല കാര്യം അതാണ്. കോലിയല്ല ഗംഭീറിന്റെ പക്കലേക്ക് പോയത്. ഗംഭീറാണ് കോലിക്ക് അരികിലേക്ക് പോയത്. കോലിയോട് ഗംഭീര്‍ സുഖമാണോ? കുടുംബാംഗങ്ങള്‍ സുഖമായിരിക്കുന്നോ എന്നെല്ലാം ചോദിച്ചു. ഗംഭീറിന്റെ വലിയ മനസാണ് അവിടെ വ്യക്തമാകുന്നത്, അമിത് മിശ്ര പറയുന്നു. 

കോലിയാണ് ഗംഭീറിന്റെ പക്കലേക്ക് പോയി പ്രശ്നം പരിഹരിക്കേണ്ടിയിരുന്നത്. നമുക്ക് പ്രശ്നം പരിഹരിക്കാം എന്ന് കോലിയാണ് ഗംഭീറിനോട് പറയേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല എന്നും അമിത് മിശ്ര പറഞ്ഞു. താരമായി മാറിയതിന് പിന്നാലെ കോലിയില്‍ മാറ്റങ്ങളുണ്ടായതായും എന്നാല്‍ രോഹിത് ശര്‍മയില്‍ അങ്ങനെയൊരു മാറ്റം ഇല്ലെന്നും അമിത് മിശ്ര പറയുന്നു. 

'ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാതെയായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഐപിഎല്ലിലോ മറ്റോ വെച്ച് രോഹിത്തിനെ കാണുമ്പോള്‍ അദ്ദേഹം തമാശ പറഞ്ഞെല്ലാമാണ് സംസാരിക്കുന്നത്. രോഹിത് എന്ത് വിചാരിക്കും എന്ന് എനിക്ക് ചിന്തിക്കേണ്ടി വരുന്നില്ല. എന്നാല്‍ കോലിയില്‍ ഒരുപാട് മാറ്റങ്ങള്‍ ഞാന്‍ കണ്ടു. ഞങ്ങള്‍ സംസാരിക്കുന്നത് തന്നെ അവസാനിച്ചു. പണവും പ്രശസ്തിയും വരുമ്പോള്‍ ചിലര്‍ കരുതും നമ്മള്‍ അവരെ സമീപിക്കുന്നത് എന്തെങ്കിലും ആവശ്യത്തിന് വേണ്ടി മാത്രമാണെന്ന്', അമിത് മിശ്ര പറയുന്നു. 

ENGLISH SUMMARY:

Indian spinner Amit Mishra revealed that it was Gautam Gambhir who took the initiative to solve the problem with Virat Kohli