Source-Instagram- royalnavghan
അന്തരിച്ച അമ്മയ്ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പങ്കുവെച്ച ചിത്രം വൈറലാകുന്നു. 2005ല്‍ അന്തരിച്ച തന്‍റെ അമ്മ ലതയെ ചേര്‍ത്തുപിടിച്ച് കൈയ്യില്‍ ടി 20 ട്രോഫിയുമായി നില്‍ക്കുന്ന ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താന്‍ മൈതാനത്ത് ചെയ്യുന്നതെല്ലാം അമ്മയ്ക്കുള്ള ആദരമാണ് എന്ന അടിക്കുറിപ്പോടെയാണ് ജഡേജ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
2024 ഐസിസി ടി 20 ലോകകപ്പിലും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്ന ജഡേജ ഇന്ത്യ ചാംപ്യന്മാരായതിനു പിന്നാലെ ടി 20 കരിയറിനോട് വിടപറയുകയായിരുന്നു. 2009 ഫെബ്രുവരിയിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ജഡേജയുടെ ടി20 അരങ്ങേറ്റ മത്സരം. ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക സമയത്തൊക്കെയും രക്ഷകനായി മാറിയ ഓള്‍ റൗണ്ടര്‍ 74 മത്സരങ്ങളില്‍ നിന്നായി 29.85 ശരാശരിയിൽ 54 വിക്കറ്റുകളും 127.16 സ്‌ട്രൈക്ക് റേറ്റിൽ 515 റൺസും നേടിയിട്ടുണ്ട്.
2021 ലെ ഐസിസി ടി20 ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെതിരെയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. ദുബായ് ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിൽ നാല് ഓവറില്‍ വെറും 15 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ജഡേജ തന്‍റെ അന്താരാഷ്ട്ര കരിയറില്‍ 343 മത്സരങ്ങളിൽ നിന്നായി നാല് സെഞ്ചുറികളും 33 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 32.67 ശരാശരിയിൽ 6,307 റൺസാണ് നേടിയിട്ടുള്ളത്.