ഒടുവില്‍ കളിച്ച മല്‍സരത്തില്‍ സെഞ്ചറി. ഏകദിനത്തിലെ ബാറ്റിങ് ശരാശരി 56.66. 14 ഏകദിന ഇന്നിങ്സില്‍ നിന്ന് ഒരു സെഞ്ചറിയും മൂന്ന് അര്‍ധ ശതകങ്ങളും. കണക്കുകള്‍ അനുകൂലമായിട്ടും സഞ്ജു സാംസണെ എന്തുകൊണ്ട് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യം ശക്തമാവുന്നു.
ട്വന്റി20 ലോകകപ്പിന് മുന്‍പുള്ള സന്നാഹ മത്സരത്തില്‍ സഞ്ജു ഓപ്പണറായി ഇറങ്ങിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഒരു മത്സരത്തില്‍പ്പോലും അവസരം നല്‍കിയില്ല. സിംബാബ്‍വെ പര്യടനത്തിലെ അവസാന ട്വന്റി20യില്‍ അര്‍ധ ശതകം നേടിയതിന് പിന്നാലെ ശ്രീലങ്കക്കെതിരായ ടീമിലും ഇടം നിലനിര്‍ത്തി.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 114 പന്തില്‍ നേടിയത് 108 റണ്‍സ്. ആറ് ഫോറും മൂന്ന് സിക്സുമാണ് സെഞ്ചറി ഇന്നിങ്സില്‍ പറന്നത്. 16 ഏകദിനങ്ങളില്‍ നിന്ന് സഞ്ജു സ്കോര്‍ ചെയ്തത് 510 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 99.60.
അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചറിയോടെ തിളങ്ങിയിട്ടും ശ്രീലങ്കക്കെതിരായ ഏകദിന ടീമില്‍ സഞ്ജുവിന് പകരം ശിവം ദുബെയ്ക്കും റിയാന്‍ പരാഗിനും അവസരം നല്‍കാനാണ് സിലക്ടര്‍മാര്‍ തീരുമാനിച്ചത്. സിംബാബ്‍വെക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ട് ഇന്നിങ്സില്‍ നിന്ന് പരാഗ് നേടിയത് 24 റണ്‍സ് മാത്രം.
ഏകദിനത്തില്‍ പ്രയാസപ്പെടുന്ന ഋഷഭ് പന്തിന് വീണ്ടും അവസരം നല്‍കുമ്പോഴും സഞ്ജു തഴയപ്പെടുന്നു എന്ന വിലയിരുത്തലും ശക്തമാണ്. 26 ഏകദിന ഇന്നിങ്സില്‍ നിന്ന് 865 റണ്‍സ് ആണ് ഋഷഭ് പന്ത് ഇതുവരെ സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 34.60. ഒരു സെഞ്ചറിയും അഞ്ച് അര്‍ധ സെഞ്ചറിയുമാണ് നേട്ടം.