gambhir-agarkar-sanju

മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്താത്തതില്‍ വിശദീകരണവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാർക്കർ. എല്ലാ താരങ്ങളെയും ഒരുമിച്ച് ടീമിൽ ഉൾപ്പെടുത്താനാവില്ലെന്നും കൂടുതൽ അർഹരായവരെയാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.  ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് നിയുക്ത പരിശീലകനായ ഗൗതം ഗംഭീറും അജിത് അഗാർക്കറും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മറുപടി. 

‘ഋഷഭ് പന്ത് മികച്ച രീതിയിൽ കളിക്കുന്നുണ്ട്. പന്തിന് പകരമായി ഒരാൾക്ക് പുറത്ത് പോയേ പറ്റൂ. ആ ദൗർഭാഗ്യം സഞ്ജുവിനാണ് വന്നത്. കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയാണ് താരങ്ങൾ ചെയ്യേണ്ടത്’ അഗാർക്കർ പറയുന്നു. ട്വന്റി20 ലോകകപ്പിൽ റിങ്കു സിങ്ങിന് ഇടമില്ലാതെ പോയത് പരാമര്‍ശിച്ച അദ്ദേഹം അത് അവരുടെ കുഴപ്പംകൊണ്ടല്ലെന്നും കരിയർ ഇങ്ങനെയാണെന്നും പറഞ്ഞു. അവഗണിക്കപ്പെട്ടു എന്നു പറയുന്ന താരങ്ങൾക്ക് പകരം തിരഞ്ഞെടുത്തവരെകൂടി നോക്കണം. എല്ലാവരെയും 15 അംഗ ടീമിൽ ഉൾക്കൊള്ളിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സൂര്യകുമാറിന്‍റെ ക്യാപ്റ്റന്‍സിയെ പരാമര്‍ശിച്ച അദ്ദേഹം, എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധ്യതയുള്ള ഒരാളെ നായകനാക്കുന്നതാണ് താല്‍പര്യം. ക്യാപ്റ്റനെന്ന നിലയിൽ കഴിവുള്ള താരമാണ് സൂര്യകുമാറെന്നും പറഞ്ഞു.

അതേസമയം, വിശ്രമം ആവശ്യപ്പെട്ട വിരാട് കോഹ്‍ലിയെയും രോഹിത് ശർമ്മയെയും ശ്രീലങ്കൻ പര്യടനത്തിന് തിരിച്ചുവിളിച്ചതിൽ പ്രതികരണവുമായി പരിശീലകൻ ഗൗതം ഗംഭീറും രംഗത്തെത്തി. രോഹിത്തും വിരാടും ട്വൻ്റി-20 ൽ നിന്ന് വിരമിച്ചിരിക്കുകയാണ്, ഇരുവരും വലിയ മൽസരങ്ങളുടെ ഭാഗമാകേണ്ടതുണ്ട്. രണ്ടു പേർക്കും ഇനിയും ഒട്ടേറെ സംഭാവനകൾ നൽകാനാകും. ബാറ്റർമാരേക്കാൾ ബൗളർമാർക്കാണ് വിശ്രമം നൽകേണ്ടത്. അതുകൊണ്ടാണ് ശ്രീലങ്കൻ പരമ്പരയിൽ ബുംറയ്ക്ക് വിശ്രമം നൽകിയതെന്നും ഗംഭീർ പറഞ്ഞു.

ENGLISH SUMMARY:

Gautam Gambhir and Ajit Agarkar revealed the reason behind Sanju Samson's snub for Sreelandka ODIseries.