ഇന്ത്യയില്ലാതെ എന്ത് ക്രിക്കറ്റ് എന്ന് പറഞ്ഞത് പോലെയാണ് ഐസിസിക്ക് മുന്നിലുള്ള കാര്യങ്ങൾ. 2025 ലെ ഐസിസി ചാംപ്യൻസ്ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകുമോ എന്ന സംശയങ്ങൾക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്ലാൻ ബി തയ്യാറാക്കി. കൊളംബോയിൽ കഴിഞ്ഞാഴ്ച നടന്ന ഐസിസി വാർ‍ഷിക ജനറൽ ബോഡി യോഗത്തിൽ ചാംപ്യൻസ്ട്രോഫിക്കായുള്ള ഫണ്ട് അംഗീകരിച്ചതിനൊപ്പം അനുബന്ധ ചെലവുകൾക്കും തുക കണ്ടെത്തി. ഇന്ത്യ പാകിസ്താനിൽ കളിക്കാൻ തയ്യാറായില്ലെങ്കിൽ മറ്റൊരു വേദിയിലേക്ക് ഇന്ത്യയുടെ മത്സരങ്ങൾ നടത്തുന്നതിനാണ് ഈ ചെലവ്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള മോശം ബന്ധത്തെ തുടർ‍ന്ന് ഇന്ത്യയും പാകിസ്താനും ഐസിസി ടൂർണമെൻറുകളിൽ മാത്രമാണ് കളിക്കുന്നത്. കഴിഞ്ഞ വർഷം പാകിസ്താനിൽ നടന്ന ഏഷ്യാ കപ്പ് ടൂർണമെൻറിന് ഇന്ത്യ പാകിസ്താനിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തിൽ ഹൈബ്രിഡ് മോഡലിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയിരുന്നത്. ഇത് മുന്നിൽ കണ്ടാണ് ഐസിസി  അനുബന്ധ ചെലവുകൾക്ക് തുക വകയിരുത്തിയിരിക്കുന്നത്. 

അതേസമയം പാകിസ്താനിൽ നടക്കുന്ന ചാംപ്യൻസ്ട്രോഫി കളിക്കാൻ ബിസിസിഐയെ അനുനയിപ്പിക്കേണ്ട ചുമതല പിസിബി ഒഴിഞ്ഞു. ഇനി ഐസിസി നേരിട്ടാകും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ സമീപിക്കുക. യോഗത്തിൽ ചാംപ്യൻസ്ട്രോഫി മൽസരക്രമങ്ങളുടെ ഡ്രാഫ്റ്റും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ചിട്ടുണ്ട്. പാക് ക്രിക്കറ്റ് ബോർഡിൻറെ നിർദ്ദേശ പ്രകാരം ഇന്ത്യയുടെ മൽസരങ്ങൾ ലാഹോറിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യ സെമി, ഫൈനൽ യോഗ്യത നേടുകയാണെങ്കിൽ ഈ മത്സരങ്ങളും ലഹോറിൽ നടത്തും.  ഇന്ത്യ–പാക് മത്സരം മാർച്ച് ഒന്നിന് വരുന്ന തരത്തിലാണ് ക്രമീകരണം. അതേസമയം ഇതിൽ തീരുമാനം എടുക്കേണ്ടത് ഐസിസിയാണ്. 

ENGLISH SUMMARY:

International Cricket Board make supplementary budget for india if they not play Champions Trophy