jaspirt-bumrah-mhambrey

ജസ്പ്രീത് ബുമ്രയെ പോലെ ഒരാളെയാണ് ഏതൊരു ടീമിനും ആവശ്യമെന്ന് ഇന്ത്യന്‍ ടീമിന്‍റെ മുന്‍ ഫീല്‍ഡിങ് കോച്ച് പരാസ് മാംബ്രെ. സ്വന്തം കഴിവില്‍ അടിയുറച്ച് വിശ്വാസമുള്ളയാളാണ് ബുമ്ര. ഒരിക്കല്‍ പോലും സംശയാലുവായി നില്‍ക്കുന്നത് കണ്ടിട്ടില്ല. അത് അദ്ദേഹത്തിലെ നേതൃഗുണം കൊണ്ട് ഉണ്ടാകുന്നതാണ്. അകത്തും പുറത്തും അടിമുടി നേതാവാണ്. ബുമ്രയെ പോലൊരാള്‍  ഏത് ടീമിന്‍റെയും സ്വപ്നമാണെന്നും മാംബ്രെ കൂട്ടിച്ചേര്‍ത്തു. 

ലോകകപ്പിനിടയില്‍ ടീം സമ്മര്‍ദത്തിലേക്ക് നീങ്ങുമ്പോഴെല്ലാം രോഹിത് പന്ത് ബുമ്രയെ ഏല്‍പ്പിക്കും. മായാജാലക്കാരന്‍റെ വൈദഗ്ധ്യത്തോടെ ബുമ്ര ക്യാപ്റ്റന്‍റെ ആഗ്രഹം നിറവേറ്റും. അതായിരുന്നു കളി. ട്വന്‍റി 20യില്‍ മാത്രമല്ല, എല്ലാ ഫോര്‍മാറ്റിലും ബുമ്ര ഒന്നാമനാണ്. അതില്‍ സംശയം വേണ്ട. പ്രതിഭ ഉണ്ടാവുകയെന്നത് സാധാരണമാണ്, പക്ഷേ അത് എല്ലായ്പ്പോഴും നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് അസാധാരണമായ കഴിവ് ആവശ്യമാണ്. കളിയില്ലാത്ത ദിവസങ്ങളില്‍ പോലും ബുമ്ര കഠിനാധ്വാനിയാണ്. അത്രയധികം ഫോക്കസ്ഡായാണ് ബുമ്ര ജീവിക്കുന്നത്. ശരിയായ സമയത്ത് ശരിയായ പന്തെറിയാന്‍ കഴിയുന്ന വൈദഗ്ധ്യം ഒറ്റ രാത്രി കൊണ്ട് ആരിലും വന്ന് ചേരുന്നതല്ല. പത്തില്‍ ഒന്‍പത് തവണയും ബുമ്ര അത് നേടിയിരിക്കുമെന്നത് താരത്തെ തലമുറയുടെ താരമാക്കി മാറ്റുന്നുവെന്നും മാംബ്രെ പ്രശംസിച്ചു. 

രാഹുലിനും രോഹിത്തുമൊപ്പമുള്ള ദിവസങ്ങളും മാംബ്രെ ഓര്‍ത്തെടുത്തു. കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് സമാനതകളില്ലാത്ത വ്യക്തിയാണെന്നും ഒരിക്കലും ടീമിന്‍റെ നേട്ടങ്ങളുടെ ക്രെഡിറ്റെടുക്കാന്‍ ദ്രാവിഡ് തിടുക്കപ്പെട്ടിരുന്നില്ലെന്നും മാബ്രെ കൂട്ടിച്ചേര്‍ത്തു. ഉറച്ച പിന്തുണ കളിക്കാര്‍ക്ക് നല്‍കുന്നതിലും എങ്ങനെയാണ് ഒപ്പം നിന്ന്, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോയി ടീമിനെ വിജയത്തിലെത്തിക്കേണ്ടത് എന്നതില്‍ ദ്രാവിഡിന് നല്ല തീര്‍ച്ചയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Whenever I see Jasprit Bumrah, I see a leader on the ground.