ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് വിരാട് കോലിയും രോഹിത് ശര്‍മയും ആഭ്യന്തര ക്രിക്കറ്റ് കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ബംഗ്ലാദേശിന് എതിരെ ഇനി ഇന്ത്യക്ക് മുന്‍പിലുള്ളത്. ഇതിന് മുന്‍പ് രോഹിത്തും കോലിയും ദുലീപ് ട്രോഫി കളച്ചക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദുലീപ് ട്രോഫിയില്‍ കളിക്കാനുള്ള നിര്‍ദേശം സിലക്ഷന്‍ കമ്മിറ്റി ഇരുവര്‍ക്കും മുന്‍പില്‍ വെച്ചതായാണ് വിവരം. എന്നാല്‍ ദുലീപ് ട്രോഫിയുടെ ഷെഡ്യൂളും ബംഗ്ലാദേശിന് എതിരായ പരമ്പരയുടെ സമയവും ഒരുമിച്ച് വരുന്നതിനാല്‍ എങ്ങനെ ഇത് സാധ്യമാവും എന്ന ചോദ്യവും ഉയരുന്നുണ്ട്. സെപ്തംബര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ആരംഭിക്കുന്നത്. 24ന് അവസാനിക്കും. ഇന്ത്യ–ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത് സെപ്തംബര്‍ 19നാണ്. ചെന്നൈയിലാണ് ആദ്യ ടെസ്റ്റ്. ദുലീപ് ട്രോഫിയുടെ ആദ്യ മത്സരം കളിച്ചിട്ട് താരങ്ങള്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് കളിക്കാന്‍ എത്തിയേക്കും.
സീനിയര്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്ന് ബിസിസിഐ സെലക്ഷന്‍ കമ്മറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ രവീന്ദ്ര ജഡേജ, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍യാദവ്, കുല്‍ദീ് യാദവ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ദുലീപ് ട്രോഫി കളിക്കാന്‍ എത്തിയേക്കും. ഇന്ത്യ–ബംഗ്ലാദേശ് ടെസ്റ്റിന് മുന്‍പ് ചെന്നൈയില്‍ ടീം ക്യാംപ് ചേരും.
ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് ശേഷം 42 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുന്നത്. ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഒക്ടോബറില്‍ ന്യൂസിലന്‍ഡിന് എതിരെ മൂന്ന് ടെസ്റ്റും ഇന്ത്യ കളിക്കും. ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ സ്പിന്നിന് അനുകൂലമായ പിച്ച് ഒരുക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതോടെ ബുമ്രയ്ക്ക് ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയിലും വിശ്രമം അനുവദിച്ചേക്കും.