ദുലീപ് ട്രോഫിയോടെ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസൺ ആരംഭിക്കുകയാണ്. സെപ്റ്റംബർ അഞ്ച് മുതൽ ആന്ധ്രയിലെ അനന്തപുരിലും ബെം​ഗലുരു ചിന്നസ്വാമി സ്റ്റേഡിയത്തിലുമാണ് മത്സരം. ബുധനാഴ്ച ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു. മലയാളിയായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാസംണിന്റെ അഭാവമാണ് ശ്രദ്ധേയം. അതേസമയം, ഇന്ത്യൻ ടീമിലെ ഒന്നാം നമ്പർ കീപ്പറായി പരി​ഗണിക്കുന്ന റിഷഭ് പന്തിനൊപ്പം മറ്റൊരു വിക്കറ്റ് കീപ്പർ കൂടെ ദുലീപ് ട്രോഫിക്കുള്ള ടീമിലിടം നേടിയിട്ടുണ്ട്. ഇഷ്ടക്കാർക്ക് വേണ്ടി സഞ്ജുവിനെ തഴഞ്ഞുവെന്നാണ് ആരാധകരുടെ രോക്ഷം. 

അടുത്ത 40 ദിവസത്തിനിടെ അന്താരാഷ്ട്ര മത്സരങ്ങളില്ലാതിരുന്നിട്ടും സഞ്ജു കേരള ക്രിക്കറ്റ് ലീഗിന്റെ ഭാ​ഗമാകാതെ മാറിനിന്നത് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആണെന്നാണ് വിലയിരുത്തൽ. നാല് മാസത്തിനുള്ളിൽ പത്ത് ടെസ്റ്റ് മത്സരങ്ങളുള്ളതിനാൽ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം ഇന്ത്യയ്ക്ക് ടെസ്റ്റ് ടീമിലേക്കുള്ള വഴിയായിരുന്നു.  വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായ കെഎസ് ഭരതും ധ്രുവ് ജുറെലും ടീമിലിടം നേടിയിരുന്നെങ്കിലും ഇരവർക്കും സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. അതിനാൽ ആഭ്യന്ത്ര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയാൽ സഞ്ജുവിന് ടെസ്റ്റ് ടീമിലിടം നേടാനുള്ള അവസരമായിരുന്നു. എന്നാൽ ഈ പ്രതീക്ഷകളാണ് ടീം പ്രഖ്യാപനത്തിലൂടെ ഇല്ലാതായത്.

ആദ്യ റൗണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ റിഷഭ് പന്തും ഇഷാൻ കിഷനും ടീമിലിടം നേടിയിട്ടുണ്ട്. 2022 ഡിസംബറിലെ അപകട ശേഷം പന്ത് ആദ്യമായാണ് ആഭ്യന്തര ക്രിക്കറ്റിലേക്ക് എത്തുന്നത്. ബിസിസിഐ കരാർ നഷ്ടപ്പെട്ട ഇഷാൻ കിഷനും അവസരം ലഭിച്ചിട്ടുണ്ട്. ഇവർക്കൊപ്പം കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ​ഗിൽ, കുൽദീപ് യാദവ്, ശ്രേയസ് അയ്യർ എന്നിവരും ദുലീപ് ട്രോഫി കളിക്കും. 

സഞ്ജുവിനെ തഴഞ്ഞ് ഇഷാനെ ടീമിലുൽപ്പെടുത്തിയത് പന്തിന് പിന്നിൽ ഇഷാനെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണോ എന്നാണ് ആരാധകരുടെ ചോദ്യം. എക്സിൽ കടുത്ത പ്രതിഷേധമാണ് ആരാധകർ നടത്തുന്നത്. ഇഷ്ടക്കാർക്ക് വേണ്ടി കഴിവ് നശിപ്പിക്കുകയാണെന്ന് ആരാധകർ എഴുതുന്നു. സഞ്ജുവിനെ കൗണ്ടിയിലോ മറ്റു രാജ്യങ്ങളിലെ ലീ​ഗിലോ കളിക്കാൻ അനുവദിക്കണമെന്ന് വൈഷ്ണവ് എന്ന അക്കൗണ്ടിലെ കുറിപ്പിൽ ആവശ്യപ്പെടുന്നു

ENGLISH SUMMARY:

Sanju Samson dropped from Duleep Trophy while Rishabh Pant and Ishan Kishan get chance