കളിക്കളത്തില്‍ വീണ്ടും കലിപ്പനായി ബംഗ്ലദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മല്‍സരത്തിനിടെയാണ് ഷാക്കിബ് സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറിയത്. രണ്ടാം ഇന്നിങ്സിലെ 33–ാം ഓവറിലായിരുന്നു സംഭവം. പാക്കിസ്ഥാനെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ചുവെന്ന ചരിത്ര വിജയത്തിനായി ബംഗ്ലദേശ് കാത്തുനില്‍ക്കുകയായിരുന്നു. മറുവശത്താവട്ടെ ബാറ്റര്‍മാര്‍ ഒന്നൊന്നായി കൊഴിഞ്ഞ് പോകുമ്പോഴും ഒരറ്റത്ത് മുഹമ്മദ് റിസ്​വാന്‍ ക്ഷമയോടെ ബാറ്റു വീശുന്നുമുണ്ടായിരുന്നു. 

ക്രീസില്‍ സമയം കളയാന്‍ മിടുക്കനായ റിസ്​വാന്‍, ബംഗ്ലദേശിന്‍റെ  വിജയം വൈകിപ്പിക്കുന്നുവെന്ന് തോന്നിയതും ഷാക്കിബ് പന്തെടുത്ത് റിസ്​വാന് നേരെ എറിഞ്ഞു.  റിസ്​വാന്‍റെ തലയ്ക്ക് മീതെ പറന്ന പന്ത് വിക്കറ്റ് കീപ്പര്‍ കൈപ്പിടിയില്‍ ഒതുക്കി. അംപയര്‍ക്ക് ഷാക്കിബിന്‍റെ ഈ നടപടി അത്ര രസിച്ചില്ല. ഗ്രൗണ്ടില്‍ വച്ച് തന്നെ ഷാക്കിബിനെ ശാസിക്കുകയായിരുന്നു. മുന്‍പും ഷാക്കിബ് നിയന്ത്രണം വിട്ട് ഗ്രൗണ്ടില്‍ പെരുമാറിയിട്ടുണ്ട്.

കളിയുടെ അഞ്ചാം ദിവസം  ആദ്യ ഇന്നിങ്സില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലദേശിന് 117 റണ്‍സിന്‍റെ ലീഡാണുണ്ടായിരുന്നത്. പാക്ക് ടീമിലെ എട്ട് കളിക്കാരെയും വെറും 118 റണ്‍സിനിടയില്‍ ബംഗ്ലദേശ് ബോളര്‍മാര്‍ മടക്കിയപ്പോഴാണ് റിസ്​വാന്‍ പൊരുതി നിന്നത്.

ഒന്നാം ഇന്നിങ്സില്‍ പാക്കിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്തപ്പോള്‍ ബംഗ്ലദേശ് 565 റണ്‍സാണ് സ്കോര്‍ ചെയ്തത്. മുഷ്ഫിഖുര്‍ റഹീം (191), ഷാദ്മാന്‍ ഇസ്​ലം (93), മെഹ്ദി ഹസന്‍ മിറാസ് (77) ലിറ്റന്‍ ദാസ് (56) എന്നിവരാണ് ബംഗ്ലദേശിന്‍റെ ടോപ് സ്കോറര്‍മാര്‍. കൃത്യമായ ഇടവേളകളില്‍ ബംഗ്ല ബാറ്റര്‍മാരുടെ കൂട്ടുകെട്ട് തകര്‍ക്കുന്നതില്‍ പാക്ക് ബോളര്‍മാര്‍ പരാജയപ്പെട്ടതോടെയാണ് ബംഗ്ലദേശ് കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചത്. മോശം പിച്ചാണ് ഒരുക്കിയിരുന്നതെന്നും സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ഒരാനുകൂല്യവും പാക്ക് താരങ്ങള്‍ക്ക് ലഭിച്ചില്ലെന്നും പേസര്‍ നസീം ഷാ ക്യുറേറ്റര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

ENGLISH SUMMARY:

Angry Shakib Al Hasan throws ball at Mohammad Rizwan, gets scolded by umpire.