കണ്ണുംപൂട്ടി ക്യാപ്റ്റന് വിശ്വസിക്കാൻ പറ്റുന്ന താരമാണ് ജസ്പ്രീത് ബുമ്ര. ഏത് ഫോർമാറ്റിലും കളി സ്വന്തം വരുതിയിൽ നിർത്താൻ കഴിവുള്ള, ടീമിന് വിജയം സമ്മാനിക്കാൻ പോന്ന ബോളർ. യോർക്കറുകളുടെ രാജാവ്...കളിക്കളത്തിലെ ബുമ്രയെ എത്ര വിശേഷിപ്പിച്ചാലും അധികമാവില്ല. അതിവേഗത്തിൽ പറന്നുവരുന്ന ബുമ്രയുടെ പന്തുകളെ കബളിപ്പിക്കാൻ ചെറുതല്ലാത്ത അധ്വാനം ബാറ്റർമാർക്ക് വേണ്ടി വരിക സ്വാഭാവികം. ബാറ്റ്‌സ്മാൻമാരുടെ പേടിസ്വപ്‌നമാണ് ബുമ്ര. സ്വന്തം കഴിവിലെ ആ ആത്മവിശ്വാസം ബുമ്ര വാക്കുകളിലും പ്രകടിപ്പിക്കാറുണ്ട്. ബുമ്രയുടെ പ്രകടന മികവിന്റെ പേരിൽ, പന്തുകളുടെ വേഗതയെ ചൊല്ലിയെല്ലാം സൈബറിടത്തിൽ നടക്കുന്ന കോലാഹലം വേറെയും.
ആർക്കെതിരെ പന്തെറിയാനാണ് ബുദ്ധിമുട്ടിയിട്ടുള്ളത് എന്ന് ബുമ്രയ്ക്ക് നേരെ അഭിമുഖത്തിൽ ഉയർന്ന ചോദ്യമാണ് സൈബർ ലോകത്ത് ആരാധകർ ആഘോഷമാക്കുന്നത്. എതിരെ നിൽക്കുന്ന ബാറ്റ്‌സ്മാനോട് തനിക്ക് ബഹുമാനമുണ്ടെന്നും എന്നാൽ ഒരാളെ പോലും ഭയമില്ലെന്നും ബുമ്ര തുറന്നടിക്കുന്നു. ' നന്നായി പന്തെറിഞ്ഞാൽ ലോകത്ത് ആർക്കും എന്നെ തടയാൻ കഴിയില്ല' എന്ന് താൻ സ്വയം പറയാറുണ്ടെന്നായിരുന്നു ബുമ്രയുടെ മാസ് മറുപടി. ഞാൻ എന്നിലേക്ക് തന്നെയാണ് നോക്കുന്നത്. അല്ലാതെ എതിരെ നിൽക്കുന്ന ബാറ്റർക്ക് എന്റെ മേൽ അധീശത്വം നൽകുകയല്ല. അപ്പുറത്ത് നിൽക്കുന്നയാൾ കേമനാണെന്ന വിചാരം തനിക്ക് തെല്ലുമില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ 15 വിക്കറ്റുകളാണ് ബുമ്ര നേടിയത്. 8.26 ആയിരുന്നു ശരാശരി. ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഇക്കോണമിയും ബുമ്രയുടേതാണ് (4.17). മഗ്രാത്തിനും മിച്ചൽ സ്റ്റാർകിനും പിന്നിൽ മൂന്നാമനായാണ് ഐസിസിയുടെ പ്ലേയർ ഓഫ് ദ് സീരിസ് പട്ടികയിൽ ബുമ്രയുടെ സ്ഥാനം.