ലോര്‍ഡ്സില്‍ പുതിയൊരു ഇതിഹാസ ചരിത്രം എഴുതി ചേര്‍ക്കുകയായിരുന്നു ജോ റൂട്ട് ശ്രീലങ്കക്കെതിരെ. ലോര്‍ഡ്സിനോടുള്ള പ്രണയം റൂട്ട് നെഞ്ചോട് ചേര്‍ത്തപ്പോള്‍ കടപുഴകിയത് നിരവധി റെക്കോര്‍ഡുകള്‍. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന ബാറ്റര്‍ എന്ന നേട്ടം കുക്കിനെ മറികടന്ന് റൂട്ട് തന്റെ പേരിലാക്കി, 34 സെഞ്ചറികള്‍. റെക്കോര്‍ഡുകളുടെ കണക്ക് അവിടെ നില്‍ക്കുന്നില്ല...
ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചറി എന്ന നേട്ടത്തില്‍ ഇനി റൂട്ടിന് മുന്‍പിലുള്ളത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ജാക് കാലിസ്, റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര, രാഹുല്‍ ദ്രാവിഡ് എന്നിവര്‍. ലോര്‍ഡ്സില്‍ രണ്ട് ഇന്നിങ്സിലും സെഞ്ചറി നേടുന്ന അപൂര്‍വം താരങ്ങളില്‍ ഒരാളുമാണ് റൂട്ട്. ജോര്‍ജ് ഹെഡ്ലേ, ഗ്രഹാം ഗൂച്ച്, മൈക്കല്‍ വോണ്‍ എന്നിവര്‍ക്കൊപ്പമാണ് റൂട്ട് എത്തിയത്.
ടെസ്റ്റ് മത്സരങ്ങളില്‍ ലോര്‍ഡ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്ത താരവും ഇപ്പോള്‍ റൂട്ടാണ്. 2022 റണ്‍സ് ഈണ് ലോര്‍ഡ്സില്‍ നിന്ന് റൂട്ട് അടിച്ചെടുത്തത്. ഇംഗ്ലണ്ട് മണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടവും റൂട്ട് തന്റെ പേരിലാക്കി. 6733 റണ്‍സ് ആണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി റൂട്ട് സ്കോര്‍ചെയ്തത്.
രാജ്യാന്തര ക്രിക്കറ്റിലെ തന്റെ 50ാമത്തെ സെഞ്ചറിയായിരുന്നു ലോര്‍ഡ്സില്‍ റൂട്ട് കണ്ടെത്തിയത്.34 ടെസ്റ്റ് സെഞ്ചറിയും 16 ഏകദിന സെഞ്ചറിയും. ഈ നേട്ടം തൊടുന്ന ആദ്യത്തെ മാത്രം ഇംഗ്ലണ്ട് ക്രിക്കറ്റ് താരമാണ് റൂട്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഈ നേട്ടം തൊടുന്ന ഒന്‍പതാമത്തെ താരവും. ലോര്‍ഡ്സില്‍ ശ്രീലങ്കക്കെതിരെ രണ്ടാം ഇന്നിങ്സില്‍ സ്കോര്‍ ചെയ്തത് റൂട്ടിന്റെ ടെസ്റ്റിലെ വേഗമേറിയ സെഞ്ചറിയാണ്. 111 പന്തില്‍ നിന്നായിരുന്നു ഇത്. ഇതിന് മുന്‍പത്തെ റൂട്ടിന്റെ വേഗമേറിയ സെഞ്ചുറി 2022ല്‍ ന്യൂസിലന്‍ഡിന് എതിരെ ട്രെന്‍ഡ് ബ്രിഡ്ജിലായിരുന്നു.