ആറടി ഏഴ് ഇഞ്ച് ഉയരം. 20വയസ് പ്രായം. ഇടംകയ്യന്‍ പേസര്‍...ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന ജോഷ് ഹള്ളിലേക്കാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. ശ്രീലങ്കക്കെതിരായ പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റില്‍ ജോഷ് ഹള്‍ ഇറങ്ങും. ഡൊമസ്റ്റിക് ക്രിക്കറ്റ് കണക്കുകളില്‍ പറയത്തക്ക നേട്ടമൊന്നും അക്കൗണ്ടിലാക്കാന്‍ ജോഷ് ഹള്ളിന് കഴിഞ്ഞിട്ടില്ല ഇപ്പോള്‍. 9 കൗണ്ടി ചാംപ്യന്‍ഷിപ്പ് മത്സരങ്ങളില്‍ നിന്ന് നേടിയത് 11 വിക്കറ്റ്. എന്നാല്‍ ജോഷ് ഹള്ളിന്റെ ശാരീരിക പ്രത്യേകതകളാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റിന്റെ ശ്രദ്ധ പിടിക്കുന്നത്.
ഇംഗ്ലണ്ട് ലയണ്‍സനായി അരങ്ങേറ്റം കുറിച്ച കളിയില്‍ 74 റണ്‍സ് വഴങ്ങി ഹള്‍ അഞ്ച് വിക്കറ്റ് പിഴുതിരുന്നു. ഓസ്ട്രേലിയക്കെതിരായ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ സ്ക്വാഡിലും ജോഷ് ഹള്‍ ഇടംപിടിച്ചിട്ടുണ്ട്. 'ആറടി ഏഴിഞ്ച് ഉയരം, മണക്കൂറില്‍ 85-90 എംപിഎച്ചില്‍ പന്തെറിയാനാകന്നു.ഇടത് ആംഗിളില്‍ സ്വിങ് കണ്ടെത്താനാവുന്നു, അതില്‍ ഒരുപാട് ഇഷ്ടപ്പെടാനുണ്ട്', ജോഷ് ഹള്ളിനെ കുറിച്ച് ഇംഗ്ലണ്ടിന്റ താത്കാലിക ക്യാപ്റ്റന്‍ ഒലി പോപ്പ് പറഞ്ഞതിങ്ങനെ.
ഇംഗ്ലണ്ട് ആക്രമണത്തിന് വ്യത്യസ്തത കൊണ്ടുവരാന്‍ ഹള്ളിന് സാധിക്കും. ഈ ഉയരം കൊണ്ട് എക്സ്ട്രാ ബൗണ്‍സിലൂടെ കൂടുതല്‍ എഡ്ജസ് സൃഷ്ടിക്കാനാവും. ഓവലല്‍ ബൗണ്‍സ് കുറച്ച് കൂടുതലാണ് എങ്കില്‍ ബാറ്റര്‍ക്ക് ഡ്രൈവ് കളിക്കുക പ്രയാസമാവും, പ്രത്യേകിച്ച് ആദ്യ ദിനങ്ങളില്‍. ആദ്യ രണ്ട് മത്സരങ്ങളിലും നാല് വലംകൈ സീമര്‍മാരെയാണ് ഞങ്ങള്‍ കളിപ്പിച്ചത്. ഹള്ളിനെ കൊണ്ടുവരുമ്പോള്‍ എതിര്‍നിരയിലെ ബാറ്റേഴ്സിന് വ്യത്യസ്തമായി ചിന്തിക്കേണ്ടി വരും. വലംകയ്യന്‍ ബാറ്റര്‍മാര്‍ക്ക് ഇന്‍സ്വിംഗറായി വരുന്ന അതേ പന്ത്, ക്രീസില്‍ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ വരുമ്പോള്‍ വിറപ്പിക്കുന്ന ഔട്ട്സ്വിംഗറായി മാറും. നെറ്റ്സില്‍ പന്തെറിയുമ്പോള്‍ നല്ല പേസ് കണ്ടെത്താനും ഹള്ളിന സാധിക്കുന്നുണ്ട്, പോപ്പ് പറയുന്നു.
സാം കറാന് ശേഷം ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ കളിക്കുന്ന ആദ്യ ഇടംകയ്യന്‍ സീമറാണ് ഹള്‍. 2021ലാണ് സാം കറാന്‍ കളിച്ചത്. 2010ല്‍ റയാന്‍ സൈഡ്ബോട്ടം ടെസ്റ്റ് കളിച്ചതിന് ശേഷം ഇംഗ്ലണ്ട് ടീമിലേക്ക് എത്തുന്ന രണ്ടാമത്തെ ഇടംകയ്യന്‍ പേസറാണ് ഹള്‍. കണക്കുകള്‍ക്ക് പ്രാധാന്യം നല്‍കാതെയുള്ള ഇംഗ്ലണ്ട് ടെസ്റ്റ് ടീം സെലക്ഷന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഹള്ളിന്റെ വരവ്.