കേരള ക്രിക്കറ്റ് ലീഗില്‍ നിന്ന് പ്രതിഭകളെ നേരിട്ട് കണ്ടെത്താന്‍ മുംബൈ ഇന്ത്യന്‍സിന്റെ സൗരഭ് തിവാരിയും ടി.എ. ശേഖറും. സെമിഫൈനലും ഫൈനലും നേരില്‍ കാണാന്‍ പഞ്ചാബ് കിങ്സിന്റെ പരിശീലകന്‍ സഞ്ജയ് ബാംഗര്‍ എത്തും. മല്‍സരങ്ങള്‍ പാതിവഴി പിന്നിടുമ്പോള്‍ കെ.സി.എല്‍ ദേശീയ ശ്രദ്ധയിലേക്ക് ഉയരുകയാണ്.
കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തിലിരുന്ന് കളികാണുന്നത് മുന്‍ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സ് സ്കൗട്ടുമായ സൗരഭ് തിവാരിയാണ്. മുബൈയുടെ തന്നെ ടി.എ.ശേഖറും എത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ടൂര്‍ണമെന്റുകള്‍ നേരില്‍ക്കണ്ട് യുവ പ്രതിഭകളെ കണ്ടെത്തുകയാണ് സ്കൗട്ടുകളുടെ ദൗത്യം. സെമിഫൈനല്‍ നേരില്‍ കാണാന്‍ ഇന്ത്യന്‍ ടീമിന്റെ മുന്‍ബാറ്റിങ് കോച്ചും ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിന്റെ പരിശീലകനുമായ സഞ്ജയ് ബാംഗറുമെത്തും.
കേരള ക്രിക്കറ്റ് ലീഗ് മല്‍സരങ്ങള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ മുന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെയും ഐ.പി.എല്‍. ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലിന്റെ ശ്രദ്ധപിടിച്ചുപറ്റി. മികവുകാട്ടുന്ന പ്രതിഭകളെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളെന്ന് ചുരുക്കം.