rohit-sharma

ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന് ചെന്നൈ വേദിയാകുമ്പോള്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാകുമെന്ന് ഉറപ്പാണ്. ഈ സമയം ഇന്ത്യ മൂന്നാം സ്പിന്നറായി ആരെയാകും പരിഗണിക്കുക എന്ന ചോദ്യവും ഉയരുന്നു. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ഒപ്പം ഒരു സര്‍പ്രൈസ് സ്പിന്‍ ഓപ്ഷനുമായി ചെന്നൈയില്‍ ബംഗ്ലാദേശ് ബാറ്റേഴ്സിനെ ലക്ഷ്യമിട്ട് ചൂണ്ടക്കൊളുത്തിടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ നെറ്റ്സിലെ പരിശീലന സെഷനില്‍ നിന്നാണ് ഇതിന്‍റെ സൂചനകള്‍ വരുന്നത്. 

ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്സ്വാളാണ് പരിശീലന സെഷനില്‍ തന്‍റെ സ്പിന്‍ ബോളിങ്ങിന്‍റെ  മൂര്‍ച്ച കൂട്ടുന്നത്. അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും ഇന്ത്യക്ക് മുന്‍പില്‍ സാധ്യകായുണ്ടെങ്കിലും  പരിശീലന സെഷനില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ വെച്ച് അശ്വിനേയും ജഡേജയേയും മാത്രമാകും ഇന്ത്യ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ഇറക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ചുവന്ന മണ്ണിന്‍റെ പിച്ചാണ് ചെന്നൈയില്‍ ഒരുങ്ങുന്നത്. ഇവിടെ പാര്‍ട് ടൈം സ്പിന്നര്‍മാരെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ ഗംഭീറും കൂട്ടരും ശ്രമിക്കുമെന്ന് ഉറപ്പ്. പാര്‍ട് ടൈം ബോളര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗംഭീര്‍ യുഗം ആരംഭിച്ചിരിക്കുന്നത്. ഞായറാഴ്ച നടന്ന ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സെഷനില്‍ അശ്വിനും ജഡേജയ്ക്കുമാണ് യശസ്വി ജയ്സ്വാള്‍ നെറ്റ്സില്‍ പന്തെറിഞ്ഞത്. യശസ്വിയുടെ ലെഗ് ബ്രേക്ക് ബോളിങ് ബംഗ്ലാദേശ് ബാറ്റേഴ്സിനെ കുഴയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 

ഗംഭീര്‍ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സൂര്യകുമാര്‍ യാദവും റിങ്കു സിങ്ങും ഉള്‍പ്പെടെയുള്ളവര്‍ ബോളിങ്ങിന് ഇറങ്ങിയിരുന്നു. ചുവന്ന മണ്ണിലെ പിച്ചാണ് ഉപയോഗിക്കുന്നത് എങ്കില്‍ മൂന്ന് പേസര്‍മാരെയാവും ഇന്ത്യ ചെന്നൈയില്‍ കളിപ്പിക്കുക. എന്നാല്‍ സ്പിന്‍ വിഭാഗത്തില്‍ ബംഗ്ലാദേശിന്‍റെ കരുത്ത് അവഗണിക്കാനാവില്ല എന്നതുകൊണ്ട് ഇന്ത്യയുടെ തന്ത്രം എങ്ങനെയാവും എന്നതും ആകാംക്ഷയുണര്‍ത്തുന്നതാണ്.