ബംഗ്ലദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാംദിനം ഉജ്വല തിരിച്ചുവരവ് നടത്തി ഇന്ത്യ. ചെന്നൈയില്‍ മൂന്നുവിക്കറ്റിന് 34 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിട്ട ആതിഥേയരെ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്ന് രാജകീയമായി മല്‍സരത്തില്‍ തിരിച്ചെത്തിച്ചു. അശ്വിന്‍ 112 പന്തില്‍ 102 റണ്‍സെടുത്തും ജഡേജ 117 പന്തില്‍ 87 റണ്‍സെടുത്തും ക്രീസിലുണ്ട്. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ആറുവിക്കറ്റിന് 339 റണ്‍സ് എന്ന ഭദ്രമായ നിലയിലാണ് ഇന്ത്യ.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ബംഗ്ലദേശിന്‍റെ തീരുമാനം തികച്ചും ശരിയായിരുന്നുവെന്ന് ആദ്യപത്തോവറില്‍ത്തന്നെ തെളിഞ്ഞു. ആറാം ഓവറില്‍ രോഹിത് ശര്‍മ, എട്ടാം ഓവറില്‍ ശുഭ്മന്‍ ഗില്‍, പത്താം ഓവറില്‍ വിരാട് കോലി. സ്കോര്‍ബോര്‍ഡില്‍ 34 റണ്‍സ് തെളിയുമ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായത് മുന്‍നിരയിലെ മൂന്ന് കരുത്തന്മാരെ. പേസര്‍ ഹസന്‍ മെഹ്മൂദിന്‍റെ ഉജ്വലബോളിങ്ങാണ് ആതിഥേയരെ വരിഞ്ഞുമുറുക്കിയത്. രോഹിത്തും കോലിയും ആറുറണ്‍സ് വീതമെടുത്തപ്പോള്‍ ഗില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി.
ഒരുവശത്ത് വിക്കറ്റ് കൊഴിയുമ്പോഴും ആത്മവിശ്വാസത്തോടെ പൊരുതിയ യശസ്വി ജയ്സ്വാള്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. 96 റണ്‍സെത്തിയപ്പോള്‍ പന്തും ഹസന്‍ മെഹ്മൂദിന് കീഴടങ്ങി. സ്കോര്‍ 144 ലെത്തിയപ്പോള്‍ ജയ്സ്വാളും തൊട്ടുപിന്നാലെ കെ.എല്‍.രാഹുലും മടങ്ങി. ഇവിടെ ഒത്തുചേര്‍ന്ന അശ്വിനും ജഡേജയും അനായാസം തിരിച്ചടിച്ചു. ഇരുവരും ഇതുവരെ രണ്ട് സിക്സും 10 ഫോറും വീതം നേടിയിട്ടുണ്ട്. 18 ഓവറില്‍ 58 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത മെഹ്മൂദ് ഹസന്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചു.
ടെസ്റ്റില്‍ അശ്വിന്‍റെ ആറാം സെഞ്ചറിയാണ് ചെന്നൈയില്‍ പിറന്നത്. 101 മല്‍സരങ്ങളില്‍ നിന്നായി താരം ഇതുവരെ 3411 റണ്‍സെടുത്തിട്ടുണ്ട്. 14 അര്‍ധസെഞ്ചറികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്കോര്‍ 124. കരിയറിലെ അഞ്ചാം സെഞ്ചറിക്കരികിലാണ് ജഡേജ. 21 അര്‍ധശതകങ്ങള്‍ ഇതിനകം ജഡ്ഡുവിന്‍റെ പേരിലുണ്ട്. 73 കളികളില്‍ നിന്ന് ആകെ സമ്പാദ്യം 3122 റണ്‍സ്. ഉയര്‍ന്ന സ്കോര്‍ 175.