ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 എന്ന സ്കോറിലേക്ക് വീണ സമയം 200 ടോട്ടല്‍ കടക്കാന്‍ ഇന്ത്യക്ക് സാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുമ്പോഴും പോസിറ്റീവായിട്ടായിരുന്നു അശ്വിന്‍ ബാറ്റ് വീശിയത്. മികച്ച ഷോട്ടുകള്‍ ചെന്നൈയില്‍ ലോക്കല്‍ ബോയിയുടെ ബാറ്റില്‍ നിന്ന് വന്നു. ഒടുവില്‍ അര്‍ഹിച്ച സെഞ്ചുറി. ആദ്യ ദിനം ബംഗ്ലാദേശിന്‍റെ കൈകളില്‍ നിന്ന് കളി ഇന്ത്യയുടെ വരുതിയിലേക്ക് മാറ്റിയ ബാറ്റിങ്ങിന് ഇടയില്‍ ക്ഷീണിതനായതിനെ കുറിച്ചും ഈ സമയം രവീന്ദ്ര ജഡേജ എങ്ങനെയാണ് തന്നെ തുണച്ചതെന്നും പറയുകയാണ് അശ്വിന്‍.
'ബാറ്റിങ്ങിന് ഇടയില്‍ ഞാന്‍ കൂടുതല്‍ വിയര്‍ക്കുന്നതും ക്ഷീണിതനാവുന്നതും ജഡേജ ശ്രദ്ധിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷമായി നമ്മുടെ ടീമിലെ മികച്ച ബാറ്റേഴ്സില്‍ ഒരാളാണ് ജഡേജ. മറുവശത്ത് നിലയുറപ്പിച്ച ജഡേജ എന്നോട് വിക്കറ്റിനിടയില്‍ കൂടുതല്‍ ആയാസപ്പെട്ട് റണ്‍ കണ്ടെത്തേണ്ട എന്ന് പറഞ്ഞു. രണ്ട് റണ്‍ എടുക്കാന്‍ കഴിയുന്നിടത്ത് ആയാസപ്പെട്ട് ഓടി മൂന്നാക്കാന്‍ ശ്രമിക്കേണ്ട എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. ലോങ് ഇന്നിങ്‌സ് കളിക്കണം; റണ്‍സിനായി ഓടി ക്ഷീണിക്കരുത് എന്ന ഉപേദശം എന്നെ ശരിക്കും തുണച്ചു', അശ്വിന്‍ പറയുന്നു.
സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ കളിക്കുക എന്നത് ഏറെ പ്രത്യേകതയുള്ളതാണ്. കളിക്കാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന മൈതാനമാണിത് . ഒരുപാട് നല്ല ഓര്‍മകള്‍ ഈ മൈതാനം എനിക്ക് നല്‍കിയിട്ടുണ്ട്, അശ്വിന്‍ പറയുന്നു. ചെന്നൈ ടെസ്റ്റിന്‍റെ രണ്ടാം ദിനം ആദ്യ സെഷനില്‍ തസ്കിന്‍ അഹമ്മദിന്‍റെ പന്തിലാണ് അശ്വിന്‍ പുറത്താവുന്നത്. 133 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്സും സഹിതം 113 റണ്‍സ് എടുത്താണ് അശ്വിന്‍ മടങ്ങിയത്.