കാണ്‍പുരില്‍ വെള്ളിയാഴ്ച ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ബാറ്റ് കൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത അശ്വിന്‍ ഒന്നാം ടെസ്റ്റില്‍ ഉജ്വല പ്രകടനമാണ് കാഴ്ചവച്ചത്. 280 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ നേടിയതും. ടെസ്റ്റിലെ ആറാം സെഞ്ചറി (113 റണ്‍സ്)ക്ക് പുറമെ രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റും താരം പിഴുതു. ഷെയ്ന്‍ വോണിന്‍റെ ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പവും അശ്വിന്‍ സ്വന്തം പേര് കുറിച്ചു.
കാണ്‍പുരില്‍ അശ്വിനെ കാത്തിരിക്കുന്നത് ആറ് റെക്കോര്‍ഡുകളാണ്. നാലാം ഇന്നിങ്സില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് അശ്വിനെ കാത്തിരിക്കുന്നതില്‍ പ്രധാനം. ഈ നേട്ടത്തില്‍ നിന്നും വെറും ഒരു വിക്കറ്റ് മാത്രം അകലെയാണ് താരം ഇപ്പോള്‍. നാലാം ഇന്നിങ്സില്‍ ഒരു വിക്കറ്റ് നേടുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന ആറാം ബോളറുമാകും അശ്വിന്‍.
മൂന്ന് വിക്കറ്റുകള്‍ കൂടി മാത്രം നേടിയാല്‍ ബംഗ്ലദേശിനെതിരെ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ താരമെന്ന ഖ്യാതിയും അശ്വിന് സ്വന്തമാകും. സഹീര്‍ഖാന്‍റെ (31) പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡുള്ളത്.
നാല് വിക്കറ്റുകള്‍ കൂടിയുണ്ടെങ്കില്‍ നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനെന്ന നേട്ടവും അശ്വിന്‍റെ പേരിലാകും. 2023 മുതല്‍ 2025 വരെയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് സൈക്കിള്‍. ജോഷ് ഹേസല്‍വുഡാണ് 52 വിക്കറ്റുകളുമായി പട്ടികയില്‍ നിലവില്‍ ഒന്നാമത്.
ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ റെക്കോര്‍ഡും തകരാനുള്ളവയുടെ പട്ടികയിലുണ്ട്. ഒറ്റ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടപ്പട്ടികയില്‍ വോണിന് പിന്നിലാണ് അശ്വിനിപ്പോള്‍. ഒരു തവണ കൂടി അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിക്കാനായാല്‍ അശ്വിനാകും രണ്ടാമന്‍.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ എട്ട് വിക്കറ്റുകള്‍ കൂടിയാണ് അശ്വിന് വേണ്ടത്. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആണ് 187 വിക്കറ്റുകളുമായി ഈ പട്ടികയില്‍ ഒന്നാമത്. 180 വിക്കറ്റുമായി അശ്വിന്‍ പട്ടികയില്‍ രണ്ടാമനാണ്.
ടെസ്റ്റ് ചാംപ്യന്‍ഷിപ് ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഏഴാമത്തെ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഒന്‍പത് വിക്കറ്റുകളാണ് അശ്വിന് വേണ്ടത്. 522 വിക്കറ്റുകളാണ് ടെസ്റ്റില്‍ അശ്വിന്‍റെ സമ്പാദ്യം. 530 വിക്കറ്റുകളുമായി നഥാന്‍ ലിയോണാണ് പട്ടികയിലെ ഏഴാമന്‍.