ആരാധകരോടുള്ള സ്നേഹപ്രകടനത്തില്‍ വിരാട് കോലി പിശുക്ക് കാണിക്കാറില്ല. ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി കാണ്‍പുരിലെ ഹോട്ടലിലെത്തിയ കോലിയെ കണ്ട് ആരാധകര്‍ തെല്ല് അമ്പരന്നിരിക്കുകയാണ്. ഹോട്ടലിലെത്തിയ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ആരാധകരും അധികൃതരും നല്‍കിയത്. ഹോട്ടല്‍ അധികൃതരിലൊരാള്‍ ബൊക്കെ നല്‍കിയതിന് പിന്നാലെ ഹസ്തദാനത്തിന് തുനി​ഞ്ഞപ്പോള്‍ താരം നന്ദിയെന്ന് പറഞ്ഞ് തിരിഞ്ഞു നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

വന്‍ ജനക്കൂട്ടമാണ് താരങ്ങളെ കാണുന്നതിനായി ഹോട്ടല്‍ പരിസരത്ത് എത്തിച്ചേര്‍ന്നത്. പതിവ് ബൊക്കെയ്ക്കും സമ്മാനങ്ങള്‍ക്കും തിലകം ചാര്‍ത്തലിനും പുറമെ രുദ്രാക്ഷം കൂടി താരത്തിന് സമ്മാനിച്ചു. ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നത് കണ്ട കോലി ഒരു കയ്യില്‍ ബൊക്കെയും മറുകയ്യില്‍ തന്‍റെ ബാഗും സാധനങ്ങളുമായി മുകളിലേക്ക് കയറുമ്പോഴാണ് 'സര്‍ എനിക്ക് രണ്ട് കൈ ആണുള്ളതെന്നും നന്ദിയെന്നും ചെറു പുഞ്ചിരിയോടെ പറഞ്ഞത്. 

റിഷഭ് പന്തിനും കോച്ച് ഗംഭീറിനുമൊപ്പമാണ് കോലിയെത്തിയത്. പന്ത് ഹോട്ടല്‍ അധികൃതര്‍ക്ക് കൈ കൊടുക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. ആദ്യ ടെസ്റ്റില്‍  ആറും,17 റണ്‍സെടുക്കാന്‍ മാത്രമേ കോലിക്കായുള്ളൂ. തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ ഫോമിലേക്ക് മടങ്ങിവരാനാകും താരത്തിന്‍റ ശ്രമം. രാജ്യാന്തര ക്രിക്കറ്റില്‍ 27,000 റണ്‍സെന്ന റെക്കോര്‍ഡില്‍ നിന്നും വെറും 35 റണ്‍സ് മാത്രം അകലെയാണ് കോലി. കോലിക്ക് സ്ഥിരത നഷ്ടപ്പെട്ടുവെന്നും അതുകൊണ്ട് തന്നെ സച്ചിന്‍റെ െറക്കോര്‍ഡ് മറികടക്കില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. 

2021 ല്‍ ന്യൂസീലാന്‍ഡിനെതിരെയാണ് കാണ്‍പുരില്‍ കോലി അവസാനമായി കളിച്ചത്. അന്ന് രണ്ട് ഇന്നിങ്സുകളില്‍ നിന്നായി 27 റണ്‍സ് മാത്രമേ താരത്തിനെടുക്കാനായുള്ളൂ. അകായ്​യുടെ ജനനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കോലി വിട്ടുനിന്നിരുന്നു. പക്ഷേ 2024 ലെ ഐപിഎല്ലില്‍ ബെംഗളൂരുവിനായി 740 റണ്‍സിലേറെയാണ് താരം അടിച്ചു കൂട്ടിയത്. വെള്ളിയാഴ്ചയാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മല്‍സരം ആരംഭിക്കുക.

ENGLISH SUMMARY:

Indian skipper Virat Kohli awkwardly declined a handshake from a hotel staff member due to the overwhelming nature of the welcome but made sure to express his gratitude with a 'thank you.